Timely news thodupuzha

logo

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഎമ്മും മത്സരിക്കുന്നു : കെ സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഎമ്മും മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ട് നിരോധനം മുന്നില്‍ കണ്ട് നിരോധനത്തിനെതിരെ സിപിഎം ആദ്യം രംഗത്ത് വന്നത് പോപ്പുലര്‍ ഫ്രണ്ടുകാരെ തങ്ങളുടെ പാളയത്ത് എത്തിക്കാനായിരുന്നു. നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് ഇപ്പോള്‍ മലക്കം മറിയുന്നത് തീവ്രവാദികളുടെ പിന്തുണ ഉറപ്പിക്കാനാണ്. ആര്‍എസ്എസിനെയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലപിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ ലക്ഷ്യംവച്ചാണ്.

മതഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പാര്‍ട്ടികള്‍ കേരളത്തെ അപകടത്തിലാക്കുകയാണ്. നാലുവോട്ടിനുവേണ്ടി ഭീകരപ്രവര്‍ത്തകരെ കൂടെ നിര്‍ത്തുന്ന മതേതര പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്ന ഇത്തരക്കാര്‍ക്കെതിരെ കേരള ജനത ശക്തമായി പ്രതികരിക്കണം.പോപ്പുലര്‍ ഫ്രണ്ടിനെതിരെ മൃദുസമീപനമാണ് കേരള സര്‍ക്കാര്‍ തുടരുന്നത്. സിപിഎമ്മും പിണറായി വിജയനും ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്. നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഐഎന്‍എല്ലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം.

കേരളത്തെ ഭീകരവാദികളുടെ കേന്ദ്രമാക്കി മാറ്റിയത് സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നാണെന്ന് ഇരുപാര്‍ട്ടികളുടേയും അണികള്‍ തിരിച്ചറിയണമെന്നും പറഞ്ഞു.
സിപിഎം മതഭീകരവാദികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ആ പാര്‍ട്ടിയിലെ മതനിരപേക്ഷ മനസുള്ളവര്‍ പ്രതിഷേധിക്കണം. ഭൂരിപക്ഷ വിഭാഗത്തില്‍ പെട്ട സിപിഐഎം പ്രവര്‍ത്തകരും അനുഭാവികളും മതഭീകരതയോട് സഖ്യം ചേരുന്ന സിപിഎമ്മിന്റെ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *