തിരുവനന്തപുരം: രണ്ടു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കുകൂടി ഗവര്‍ണർ കാരണം കാണിക്കല്‍ നോട്ടീസ് നൽകിയതോടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം പ്രതിസന്ധിയിലേക്ക്. സർക്കാർ – ഗവർണർ പോര് രൂക്ഷമായി തുടരുന്നതിനിടയിൽ കോൺഗ്രസിലും യുഡിഎഫിലും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാടിലെ ഭിന്നത പുറത്തായതോടെ രാഷ്ട്രീയവും കലുഷിതമായി.
ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിമാര്‍ക്കാണ് ഗവർണർ ഇന്നലെ നോട്ടീസ് നൽകിയത്. കേരള സാങ്കേതിക സർവകലാശാലാ കേസിലെ സുപ്രീംകോടതി വിധി പ്രകാരം ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷ എന്നിവര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ ഗവർണറുടെ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊധാവത് ചൂണ്ടിക്കാട്ടിയത്. ഇരുവരുടെയും നിയമനത്തില്‍ യുജിസി ചട്ടലംഘനങ്ങളുണ്ട്. പുറത്താക്കാതിരിക്കാനുള്ള കാരണം നവംബര്‍ നാലിനകം അറിയിക്കാനാണ് നോട്ടീസ്. മറ്റ് ഒമ്പതു വിസിമാര്‍ക്ക് മറുപടി നല്‍കാനുള്ള സമയം നവംബര്‍ മൂന്നാണ്. നിലവിൽ ആരോഗ്യ, നിയമ, വെറ്ററിനറിസർവകലാശാലാ വിസിമാർക്കു മാത്രമാണ് നോട്ടീസ് ലഭിക്കാതെയുള്ളത്.
വിസിമാർ ഉടൻ രാജിവയ്ക്കണമെന്ന ഗവർണറുടെ ആവശ്യം തിങ്കളാഴ്ച തടഞ്ഞിരുന്നു. നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കൂവെന്നാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കിയത്. രാജി ആവശ്യപ്പെട്ട് ഗവർണർ കത്തയച്ചത് ശരിയായില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഗവർണർക്കെതിരെ പ്രതിഷേധം രൂക്ഷമാക്കാനാണ് എൽഡിഎഫ് തീരുമാനം. നവംബർ 15 ന് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കും.ഇന്നലെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഗവർണർക്കെതിരായ പ്രകടനങ്ങൾ നടന്നു.എൽഡിഎഫും ഗവർണർക്കെതിരേ തെരുവിലിറങ്ങി. തെരുവ് പ്രതിഷേധം ഇന്നും തുടരും.
സുപ്രീംകോടതി വിധി ഒരു സർവകലാശാലയ്ക്ക് മാത്രമാണ് ബാധകമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.അതിന് പൊതുസ്വഭാവമില്ല. ഭരണഘടനാപരമായോ നിയമപരമയോ ഗവർണറുടെ നിലപാടിന് സാധുതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതോടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ കാവിവത്കരണ നീക്കമെന്ന പ്രചാരണം ദേശീയതലത്തിൽ ഉയർത്തുമെന്നാണ് സൂചന. ഇത് മുൻകൂട്ടി കണ്ടാണ് ഇതിനോട് ചേർന്നുള്ള പ്രതികരണം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൽനിന്നുണ്ടായത്. ഗവർണർ വിദ്യാഭ്യാസ കാവിവത്കരണത്തിന് ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തിപ്രാപിക്കുമ്പോൾ അതിനെ പിന്തുണയ്ക്കുന്നത് തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന തിരിച്ചറിവിലാണു മുസ്ലിം ലീഗിന്റെ ഇടപെടൽ.
അതോടെ,ഗവർണർ വിഷയത്തിൽ യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമായി. ഗവർണർക്കെതിരേയുള്ള നിലപാട് ഇന്നലെയും നിയമസഭാ കക്ഷിനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആവർത്തിച്ചു.കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും പ്രതിപക്ഷനേതാവിന്റെയും രമേശ് ചെന്നിത്തലയുടെയും ഗവർണർ അനുകൂല നിലപാടിനെതിരേ കെ.സി വേണുഗോപാലിന്റെ അഭിപ്രായത്തെ പിന്തുണച്ച് കെ.മുരളീധരൻ ഇന്നലെ പരസ്യമായി രംഗത്തെത്തിയതോടെ കോൺഗ്രസിലും കടുത്ത ആശയക്കുഴപ്പമാണ്.