കളമശേരി: ഗവൺമെൻറ് ഹൈസ്കൂൾ ബസ്സും മഹീന്ദ്ര ബൊലേറൊ കാറും കൂട്ടിയിടിച്ച് എട്ട് വിദ്യാർഥികൾക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ കളമശേരി ഗ്ലാസ്സ് ഫാക്ടറിക്ക് സമീപമാണ് അപകടം. സ്കൂളിൽ നിന്നും രാവിലെ എട്ട് മണിയോടെ സൗത്ത് കളമശേരി പ്രദേശത്ത് നിന്നും കുട്ടികളെ കയറ്റി ഗ്ലാസ് ഫാക്ടറി വഴി തിരിച്ച് സ്ക്കൂളിലേക്ക് പോകുമ്പോൾ മഞ്ഞുമ്മൽ ഭാഗത്ത് നിന്നും സൗത്ത് കളമശേരി ഭാഗത്തത്തേക്ക് വരികയായിരുന്നു വഹീന്ദ്ര ബൊലേനൊ കാർ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു.
ഉടൻ സ്ക്കൂൾ ബസിൽ തന്നെ കുട്ടികളെ മഞ്ഞുമ്മൽ സെൻറ്. ജോസഫ് ആശുപത്രിയിൽ എത്തിച്ചു. അപകടവിവരമറിഞ്ഞ് 11 മണിയോടെ രക്ഷിതാക്കളും ആശുപത്രിയിൽ എത്തി. എട്ട് കുട്ടികളും ഡ്രൈവർമാരുമടക്കം 10 പേർ ആശുപത്രിയിൽ ചികിത്സ തേടി.
പ്രാഥമിക ചികിത്സ നൽകി എല്ലാവരേയും വിട്ടയച്ചു. എൽകെജി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. കൈക്കും കാലിനും പരുക്കുണ്ട്. ഇടിയുടെ ആഘാതത്തിൽ സീറ്റിനിടയിൽപ്പെട്ടും കമ്പിയിയിലിടിച്ചുമാണ് കുട്ടികൾക്ക് പരുക്ക് പറ്റിയത്.