തിരുവനന്തപുരം: എക്‌സാലോജിക് വീണ്ടുമുയർത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനായാണ് നീക്കമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദൻ.
കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയിലേക്ക് കേസ് എത്തിക്കാനാണ് ശ്രമം. പിന്നിൽ കൃത്യമായ അജണ്ടയാണ്. കേസുമായ ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകിയത് അഡ്വ. ഷോൺ ജോർജ് ആണ്.
എസ്.എഫ്.ഐ.ഒ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷോൺ കത്ത് കൊടുത്തത്. പി.സി ജോർജും മകൻ ഷോൺ ജോർജു ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ കേന്ദ്രം എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചു.
ബി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടല്‍ ഇതിൽ വ്യക്തമാകും. തെരഞ്ഞെടുപ്പ് വരുന്നതോടെ ഇത്തരം കള്ളക്കഥകൾ ഉയർന്നുവരും. തെരഞ്ഞെടുപ്പ് അജണ്ടായിട്ടാണ് കേന്ദ്രവും കേരളത്തിലെ യുഡിഎഫും ഇതിനെ കൈകാര്യം ചെയ്യുന്നത്.
കേരളത്തിനെതിരായ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം ഡൽഹിയിൽ നടത്തിയ സമരം ദേശീയ ശ്രദ്ധയാകർഷിച്ചു. കേന്ദ്രസർക്കർ ബി.ജെ.പി ഇതര സർക്കാരുകളോട് കാണിക്കുന്ന സാമ്പത്തിക ഉപരോധം രാജ്യം മുഴുവൻ ചർച്ചയാക്കാൻ സമര പരിപാടിയിലൂടെ സാധിച്ചു.
കേരളത്തോടുള്ള സാമ്പത്തിക ഉപരോധം രാഷ്ട്രീയ താൽപര്യമാണെന്ന് ഇടതുപക്ഷം ആദ്യം മുതൽ വ്യക്തമാക്കിയതാണ്. എന്നാൽ ബി.ജെ.പി സർക്കാരിനെ കേരളത്തിലെ യു.ഡി.എഫുകാർ ന്യായീകരിക്കുകയാണ് ചെയ്തത്.
അതേസമയം കേന്ദ്രസർക്കാരിനെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സമരം കേരളത്തിലെ കോൺഗ്രസിന്റെ പാപ്പരത്വം തുറന്നു കാട്ടി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന് മനസിലായ ബി.ജെ.പി പലകക്ഷികളെയും തങ്ങളിലേക്ക് അടുപ്പിക്കുകയാണ്. ബിഹാറിൽ നിതീഷ് കുമാർ ബി.ജെ.പിയിലെത്തിയതും മധ്യപ്രദേശിൽ കമൽ നാഥുമായുള്ള ചർച്ചയുമെല്ലാം ഇതിന്റെ ഭാഗമാണ്.
പ്രേമചന്ദ്രൻ എം.പിയെ മോദിയോടൊപ്പം ഭക്ഷണ വിരുന്നിന് ക്ഷണിച്ചതും ഈ നിലയിൽ വേണം കാണൻ. ഭക്ഷണത്തിന് വിളിച്ചാൽ പോകാതിരിക്കാനുള്ള സംസ്കാരം ഇല്ലെന്നാണ് പ്രേമചന്ദ്രൻ പറഞ്ഞത്.
എന്നാൽ മുഖ്യമന്ത്രി ക്രിസ്തുമസ് വിരുന്നിന് ക്ഷണിച്ചപ്പോൾ പോവാതിരുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗമാണെന്ന് പ്രേമചന്ദ്രനും യു.ഡി.എഫും വ്യക്തമാക്കണം. വിഷയത്തിൽ കോൺഗ്രസ് അഭിപ്രായം പറയണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.