ലണ്ടൻ: പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമേറിയ വസ്തു ഭീമാകാരമുള്ള ഒരു തമോഗർത്തമാണെന്നും ദിവസവും സൂര്യസമാനമായ ഒരു നക്ഷത്രത്തെ വീതം അത് അകത്താക്കുന്നുണ്ടെന്നും റിപ്പോർട്ട്.
ഇത്രയേറെ “വിശപ്പുള്ള’ തമോഗർത്തത്തെ കണ്ടെത്തുന്നത് ആദ്യം. ജെ0529 – 4351 എന്നാണ് ശാസ്ത്രലോകം ഇതിന് പേരിട്ടത്. വർഷങ്ങൾക്കു മുമ്പേ കണ്ടെത്തിയെങ്കിലും ചിലിയിൽ സ്ഥാപിച്ച ഭൂമിയിലെ ഏറ്റവും വലിയ ദൂരദർശിനി(വി.എൽ.റ്റി) തമോഗർത്തത്തിന്റെ “വിശ്വരൂപം’ ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും നേച്ചർ ആസ്ട്രോണമി ജേർണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു.
വളരെ സജീവവും ഊർജസ്വലവുമായ നക്ഷത്രസമൂഹത്തിന്റെ മധ്യഭാഗത്താണ് സൂര്യനെക്കാൾ 1700 കോടി മടങ്ങ് പിണ്ഡമുള്ള തമോഗർത്തമുള്ളത്. അത് അതിശയകരമായ വേഗത്തിൽ ചുറ്റുമുള്ള ദ്രവ്യത്തെ ഉള്ളിലേക്ക് വലിച്ച് അടുപ്പിച്ചുകൊണ്ടിരിക്കുന്നു.
ഗർത്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഘട്ടത്തിൽ പദാർഥങ്ങൾ വേർപ്പെട്ട് അത്യുജ്വലമായ പ്രഭാവലയം ചുറ്റും സൃഷ്ടിക്കുന്നു. തമോഗർത്തത്തിനു ചുറ്റുമുള്ള പ്രകാശ പ്രകമ്പനം ചിലിയിലെ ദൂരദർശിനിയിൽ(വി.എൽ.റ്റി) എത്താൻ 1200 കോടി വർഷമെടുത്തെന്നാണ് കണക്ക്. സൗരയൂഥത്തേക്കാൾ അത്രയേറെ അകലെയാണിത് സ്ഥിതി ചെയ്യുന്നത്.
വൻതോതിൽ ഊർജത്തെ പുറംതള്ളുന്ന തമോഗർത്തം സൂര്യനെക്കാൾ 500 ലക്ഷംകോടി മടങ്ങ് പ്രകാശമാനമാണെന്ന് ചിലി ദൂരദർശിനിയിൽ പ്രവർത്തിക്കുന്ന ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞൻ ക്രിസ്റ്റഫർ ഓങ്കൻ പറഞ്ഞു.
തമോഗർത്തത്തിന്റെ ഏകദേശ വ്യാസം ഏഴ് പ്രകാശവർഷം വരും. ഏഴ് പ്രകാശവർഷം എന്നാൽ സൂര്യനിൽനിന്നും നെപ്റ്റ്യൂൺ ഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്കുള്ള ദൂരത്തിന്റെ ഏകദേശം 15,000 മടങ്ങ് വരും.
ഇത്രയേറെ ഊർജ്ജം പുറന്തള്ളണമെങ്കിൽ ദിവസം സൂര്യസമാനമായ നഷ്ടത്രത്തെ ഉള്ളിലാക്കണമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനു പോലും പുറത്തു കടക്കാനാകാത്ത പ്രപഞ്ചത്തിലെ മേഖലയാണ് തമോഗർത്തം.