Timely news thodupuzha

logo

അയ്യപ്പനെ കാണാന്‍ വീണ്ടും വരും; ളാഹ ബസ്സപകടത്തിൽ ഗുരുതര പരിക്കേറ്റ മണികണ്ഠന്‍ ജീവിതത്തിലേക്ക്, എട്ടു വയസുകാരന് ഇത് പുതുജന്മം

പത്തനംതിട്ട:  ളാഹയിലെ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആന്ധ്രാ സ്വദേശി എട്ടു വയസുകാരന്‍ മണികണ്ഠന്‍ സുഖം പ്രാപിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുന്നു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ സുഖം പ്രാപിച്ച മണികണ്ഠനെ ഡിസ്ചാര്‍ജ് ചെയ്തു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ മണികണ്ഠനും പിതാവ് നാഗ വെങ്കിട്ട കൃഷ്ണ റാവുവും വിളിച്ച് സന്തോഷം പങ്കുവച്ചു. സ്വന്തം നാട്ടില്‍ ലഭിക്കാത്ത വിദഗ്ധ ചികിത്സയും പരിചരണവുമാണ് ഇവിടെ ലഭ്യമായതെന്ന് പിതാവ് പറഞ്ഞു. അതിന് സഹായിച്ച മന്ത്രിയോടും ഡോക്ടര്‍മാരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. അതീവ ഗുരുതരാവസ്ഥയില്‍ നിന്നും മകനെ ജീവിത്തിലേക്ക് മടക്കി തന്നതില്‍ ഏറെ നന്ദിയുണ്ടെന്നും പിതാവ് പറഞ്ഞു.

കഴിഞ്ഞ മാസം 19നാണ് വിജയവാഡയില്‍ നിന്നും ശബരിമലയിലേക്ക് വന്ന സംഘം ളാഹയില്‍ വച്ച് അപകടത്തില്‍പ്പെത്. അതീവ ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ വിദഗ്ധ ചികിത്സയ്ക്കായി അന്നു തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് കരള്‍, ശ്വാസകോശം, കൈ, കാല് തുടങ്ങി ശരീരമാസകലം ഭാഗങ്ങളില്‍ പരിക്കുകളുണ്ടായിരുന്നു. മുതുകിന്റെ ഭാഗത്ത് തൊലിയും മസിലും നഷ്ടമായിരുന്നു. ഉടന്‍ തന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രൂപീകരിക്കുകയും അന്നു തന്നെ സങ്കീര്‍ണ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പിന്നീട് അത്യന്തം ചെലവുള്ള പ്ലാസ്റ്റിക് സര്‍ജറിയിലൂടെ തൊലിയും മസിലും വച്ചു പിടിപ്പിച്ചു. പ്രഷര്‍ ട്രെയിനേജ് ചികിത്സയും നല്‍കി. അതും വിജയകരമായി. ആദ്യ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലും തുടര്‍ന്ന് പീഡിയാട്രിക് സര്‍ജറി ഐസിയുവിലും പിന്നീട് വാര്‍ഡിലും ചികിത്സ നല്‍കി. മികച്ച പരിചരണത്തിലൂടെ മണികണ്ഠന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി.

സര്‍ജറി, അനസ്തീഷ്യ, പീഡിയാട്രിക്, പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങള്‍ യോജിച്ചാണ് ചികിത്സ നടത്തിയത്. കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ്, ഡോ. ശിവകുമാര്‍, ഡോ. രതീഷ്, ഡോ. ആത്തിയ പ്രവീണ്‍, ഡോ. ഷെര്‍ബിന്‍, ഡോ. ഹരിപ്രിയ, ഡോ. ലക്ഷ്മി എന്നിവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കി.

മികച്ച ടീം വര്‍ക്കിലൂടെയാണ് മണികണ്ഠനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായത്. ആന്ധ്രാ പ്രദേശിലെ എലുരുവിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മണികണ്ഠന്‍. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മണികണ്ഠന്‍ സ്വന്തം കുഞ്ഞിനെപ്പോലെയായിരുന്നു. മണികണ്ഠന് 27 ദിവസത്തോളം ആശുപത്രി സ്വന്തം വീടുപോലെയായിരുന്നു. മണികണ്ഠന്‍ അവരോടെല്ലാം സന്തോഷത്തോടെ യാത്രപറയുമ്പോള്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ സമ്മാനങ്ങള്‍ നല്‍കി. അവരുടെ സ്‌നേഹത്തിന് മുമ്പില്‍ മണികണ്ഠനും പിതാവും പറഞ്ഞു. അയ്യപ്പനോട് വലിയ ആരാധനയാണ്. മകന്റെ പേരുപോലും മണികണ്ഠനെന്നാണ്. അടുത്ത വര്‍ഷവും ശബരിമലയില്‍ വരും. അപ്പോള്‍ വീണ്ടും കാണാം.

Leave a Comment

Your email address will not be published. Required fields are marked *