Timely news thodupuzha

logo

സഹായം ആവശ്യപ്പെട്ട യുവതിക്ക് ഉടൻ പരിഹാരം

തിരുവനന്തപുരം: ആരോ​ഗ്യ മന്ത്രിയെ കണ്ട് സഹായം ആവശ്യപ്പെട്ട യുവതിക്ക് ഉടൻ തന്നെ പരിഹാരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ് മന്ത്രി വീണാ ജോര്‍ജ് പോകാനിറങ്ങുമ്പോഴാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വര്‍ക്കല സ്വദേശിയായ രോഗിയുടെ ഭാര്യയും സഹോദരിയും വന്ന് കാണുന്നത്.

തന്റെ ഭര്‍ത്താവായ ഉണ്ണികൃഷ്ണനെ(55) ഹാര്‍ട്ട് അറ്റാക്കായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചതെന്നും പരിശോധനയില്‍ രക്തക്കുഴലിന് ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനടി ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും യുവതി മന്ത്രിയെ അറിയിച്ചു.

ചികിത്സാ കാര്‍ഡ് ഇല്ലാത്തതിനാല്‍ സ്റ്റെന്റിന്റെ തുക അടയ്ക്കേണ്ടി വന്നു. പെട്ടെന്ന് തുക സംഘടിപ്പിക്കാന്‍ കഴിയാതെ ഭര്‍ത്താവിന്റെ സഹോദരിയുടെ വള പണയം വച്ച് 40,000 രൂപ അടച്ചു.

സഹോദരിയുടെ ഭര്‍ത്താവും കാന്‍സര്‍ ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സ്റ്റെന്റിന്റെ ബാക്കി തുക അടയ്ക്കാനുണ്ടെന്നും വളരെയേറെ ബുദ്ധിമുട്ടുന്ന തങ്ങളെ സഹായിക്കണം എന്നുമായിരുന്നു ഉണ്ണികൃഷ്ണന്റെ ഭാര്യയുടെയും സഹോദരിയുടെയും ആവശ്യം.

ഉടന്‍ തന്നെ മന്ത്രി സൂപ്രണ്ടിനോട് ഇക്കാര്യം പരിശോധിക്കാനും അവര്‍ക്ക് ചികിത്സാ സഹായം ചെയ്തു കൊടുക്കാനും നിര്‍ദ്ദേശം നല്‍കി. പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നൽകി മധുരവും നൽകിയാണ് ഇരുവരെയും മന്ത്രി യാത്രയാക്കിയത്.

സര്‍ക്കാരിന്റെ ചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉണ്ണികൃഷ്ണന് ചികിത്സാ സഹായം ലഭ്യമാക്കിയതായി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീന്‍ അറിയിച്ചു.

മുന്‍കൂറായി വാങ്ങിയ 40,000 രൂപയുള്‍പ്പെടെ റീഫണ്ട് ചെയ്ത് നല്‍കി. കൃത്യമായ പരിഹാരം നടപ്പാക്കിയ മന്ത്രിക്ക് നന്ദിയറിയിച്ചാണ് കുടുംബം മടങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *