ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇലക്ടറൽ ബോണ്ടുകൾ വഴി വൻകിട കോർപറേറ്റുകളിൽ നിന്നും തട്ടിപ്പ് കമ്പനികളിൽ നിന്നുമായി കോടികൾ സമാഹരിക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയായത്.
ഈ വർഷം ജനുവരിയിൽമാത്രം 202 കോടി രൂപ ബി.ജെ.പി ഇലക്ടറൽ ബോണ്ടുകളിലൂടെ സമാഹരിച്ചു. ജനുവരി 12ന് 110 കോടി രൂപയും ജനുവരി 17ന് 35 കോടി രൂപയും ബി.ജെ.പിക്ക് ബോണ്ടുകളിലൂടെ ലഭിച്ചു. ജനുവരി 18ന് അമ്പത് കോടിയും ജനുവരി 24ന് ഏഴു കോടിയും ബി.ജെ.പി കൈക്കലാക്കി.
ആന്ധ്രയിൽ ബി.ജെ.പിയുമായി സഖ്യം സ്ഥാപിച്ച റ്റി.ഡി.പിക്കും പവൻ കല്യാണിന്റെ ജനസേനയ്‌ക്കും ജനുവരിയിൽ മോശമല്ലാത്ത കോർപറേറ്റ് സംഭാവന ലഭിച്ചു.
ജനുവരിയിൽ പല ഘട്ടങ്ങളിലായി 138 കോടി രൂപയാണ് റ്റി.ഡി.പിക്ക് ലഭിച്ചത്. ജനസേനയ്‌ക്ക് മൂന്നു ഘട്ടത്തിലായി 17 കോടി ലഭിച്ചു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് പാർടികൾക്കും ജനുവരിയിൽ മോശമല്ലാത്ത കോർപറേറ്റ് വരവുണ്ടായി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇലക്ടറൽ ബോണ്ടുകളിലൂടെ 1771 കോടി രൂപ ബി.ജെ.പി കൈക്കലാക്കി. ഇതിന്റെ പതിന്മടങ്ങാണ് നിലവിലെ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബി.ജെ.പി ലക്ഷ്യമിട്ടത്. സുപ്രീംകോടതി ഇടപെടലോടെ അത് പാളി.