തൃശൂർ: പ്രതിദിന വേതനം 1500 രൂപയാക്കി ഉയർത്തണം എന്ന് ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. സമരത്തിന്‍റെ ആദ്യ പടിയായി നാളെ തൃശൂർ ജില്ലയിലെ സ്വകാര്യ നഴ്സിംഗ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്.
ഒപി ബഹിഷ്ക്കും. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും. ഇതേ വിഷയത്തിൽ 2 തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു. എന്നാൽ കൊച്ചിയിലെ ചർച്ച സമവായമാവതെ പിരിയുകയും തൃശൂരിലെ ചർച്ചയിൽ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികൾ എത്താതിരിക്കുകയും ചെയ്തതോടെയാണ് സമരത്തിലേക്ക് കടക്കാന്‍ യുഎൻഎ തീരുമാനിച്ചത്.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാനാണ് യുഎൻഎയുടെ തീരുമാനം. സംസ്ഥാന തൊഴിൽ വകുപ്പിന്‍റെ നിയമങ്ങളെ വെല്ലുവിളിച്ചാണ് സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നും ആവശ്യപ്പെട്ട വേതന വർധനവിന്‍റെ അൻപത് ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തിൽ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമന്നും യുഎൻഎ വ്യക്തമാക്കി.