Timely news thodupuzha

logo

കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് മന്ത്രി ഗണേഷ് കുമാർ

ഇടുക്കി: പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം പ്രഖ‍്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ.

അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് കെഎസ്ആർടിസി വഹിക്കുമെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് തീർഥാടനത്തിന് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

നാല് പേർ മരിച്ചു. ബസിൻറെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മന്ത്രി ഗണേഷ് കുമാർ അന്വേഷണത്തിന് അടിയന്തര ഉത്തരവിട്ടു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ വളവിൽ വച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

പ്രദേശവാസികളും, ഫയർ ഫോഴ്സും, ഹൈവേ പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ബസിലുണ്ടായിരുന്ന 33 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളെജിലും ഒരാളെ പാലായിലെ സ്വകാര‍്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്നവരെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *