കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി കെ.വി കുഞ്ഞിരാമനടക്കമുള്ള നാല് പ്രതികൾ.
കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്ക്കരൻ തുടങ്ങിയവരാണ് അപ്പീൽ നൽകിയത്. അഞ്ച് വർഷം തടവിന് ശിക്ഷിച്ചതോടെ പ്രതികളുടെ ജാമ‍്യം റദ്ദാക്കിയിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് പ്രതികൾ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര‍്യന്തം ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയുമാണ് കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ചത്.
മുൻ ഉദുമ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ, സിപിഎം ഉദുമ മുൻ ഏരിയാ സെക്രട്ടറി കെ. മണികണ്ഠൻ, സിപിഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി തുടങ്ങിയവർക്ക് അഞ്ച് വർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. 2019 ഫെബ്രുവരി 17നാണ് കല‍്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത്ത് ലാലും കൊല്ലപ്പെട്ടത്.
തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശത്തെ തുടർന്ന് സിബിഐ ഏറ്റെടുക്കുകയായിരുന്നു. പെരിയയിൽ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതികൾ സപിഎം പ്രവർത്തകരാണെന്നും കോൺഗ്രസ് അന്ന് തന്നെ ആരോപിച്ചിരുന്നു.