ഇടുക്കി: ഭൂമി അളന്ന് തിരിക്കാൻ സർവേയർ കൈക്കൂലി ചോദിച്ചുവെന്ന പരാതിയിൽ സർവേയർക്കെതിരെ തുടർ നടപടികൾ ആവശ്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സർവേയറെ നേരിട്ട് കേട്ട് വിശദീകരണം രേഖാമൂലം എഴുതി വാങ്ങിയാണ് നടപടി ആവശ്യമില്ലെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി തീരുമാനിച്ചത്.
കരിമണ്ണൂർ ഭൂമി പതിവ് സ്പെഷ്യൽ തഹസീൽദാർ ഓഫീസറിലെ സർവേയർ റ്റി.എസ് സജിക്കെതിരായ ആരോപണമാണ് കമ്മീഷൻ തള്ളിയത്. തൊടുപുഴ തഹസിൽദാറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
പരാതിക്കാരനായ ഉടുമ്പന്നൂർ ഉപ്പുകുന്ന് പുത്തൻപുരയ്ക്കൽ വിജയന്റെ മകളുടെ പേരിലുള്ള സ്ഥലം അളക്കുന്ന സമയത്ത് പരാതിക്കാരനോ മകളോ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്ഥലം പരാതിക്കാരന്റെ മകളുടെ പേരിലാണെന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. പരാതിക്കാരന് ഒരു കുടുംബത്തിന് പരമാവധി അനുവദിക്കാവുന്ന നാല് ഏക്കർ വസ്തുവിന് പട്ടയം ഇതിനകം നൽകിയതാണ്.
എന്നാൽ വിവാഹിതയായ മകളുടെ പേരിൽ നാല് സെന്റ് അളന്നുതിരിക്കണമെന്ന കാര്യം അറിയില്ലായിരുന്നു. മുമ്പ് പരാതിക്കാരന് പട്ടയം അനുവദിക്കുന്ന സമയത്തും സമാനമായ പരാതി അധികാര സ്ഥാനങ്ങളിൽ നൽകിയിരുന്നു. കമ്മീഷനിൽ പരാതി നൽകിയ ശേഷം മകൾ നീതു സനലിന്റെ പേരിൽ സ്ഥലം പതിച്ചു നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.