ഇടുക്കി: കഞ്ഞിക്കുഴി ചുരുളി പതാൽ സ്വദേശി രോട്ടിപറമ്പിൽ ഗോപിയാണ്( 65) ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തെങ്ങിൽ കുടുങ്ങിയത്. സമീപത്തേ പുരയിടത്തിലെ തെങ്ങ് വെട്ടി മാറ്റാൻ ശ്രമിക്കുന്നതിന് ഇടയിൽ ആയിരുന്നു സംഭവം.
മരം വെട്ട് തൊഴിലാളിയായ ഗോപി സമീപത്തെ പുരയിടത്തിൽ തെങ്ങ് വെട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. തെങ്ങിൻ മുകളിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
അതുവഴി കടന്നു പോയ സമീപവാസിയായ മറ്റൊരാൾ തെങ്ങിൽ നിന്നും കയർ താഴേക്ക് കിടക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് അവശ നിലയിൽ ഗോപി തെങ്ങിൻ മുകളിൽ ഇരിക്കുന്നതായി കണ്ടത്. തുടർന്ന് സ്ഥലമുടമയേയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.
കഞ്ഞിക്കുഴി പോലീസും ഇടുക്കിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി ഏറെ സാഹസികമായി ഗോപിയെ താഴെയിറക്കി. അബോധാവസ്ഥയിലായ ഇയാളെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വനിതാ വിഭാഗം ഉൾപ്പെടെ ഇടുക്കി അഗ്നിശമനസേനയിലെ അഖിൽ സി, പ്രദീപ് കുമാർ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.