വണ്ടിപ്പെരിയാർ: വേനൽ രൂക്ഷമായതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിനായി ജില്ലാ ഭരണകൂടം ഗ്രാമ പഞ്ചായത്തുകൾക്ക് അനുവദിച്ച തുക ഉപയോഗിച്ച് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് കന്നിമാർ ചോലയിൽ നടത്തിയ കുടിവെള്ള വിതരണത്തിനിടെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കൂടി ഗ്രാമ പഞ്ചായത്തംഗം എസ്.എ ജയന് നേരേ പ്രദേശവാസികളായ ഷിജോ, റിജോ, സൈമൺ, ജോഷി എന്നിവരടങ്ങുന്ന സംഘം കുടിവെള്ള വിതരണം തടഞ്ഞ് തന്നെ വംശീയമായി അധിക്ഷേപിച്ചതായും ഇത് അന്വേഷിക്കുവാനെത്തിയ വണ്ടിപ്പെരിയാർ പോലീസ് സബ് ഇൻസ്പെക്ടർ സംഭവം അന്വേഷിക്കാതെ തന്നോട് കയർത്ത് കൃത്യവിലോപം നടത്തിയതായും ഗ്രാമ പഞ്ചായത്തംഗം പരാതിയുമായി രംഗത്തെത്തിയത്.
പ്രദേശ വാസികൾക്കാവശ്യമായ കുടിവെള്ളം എത്തിച്ചത് തികയാതെ വന്നതോടെ തൻ്റെ കൈയ്യിൽ നിന്നും 2500 രൂപ മുടക്കി അധിക വെള്ളമെത്തിച്ചു നൽകിയിട്ടും തൻ്റെ ജാതിക്കാർക്ക് മാത്രം കുടിവെള്ളം നൽകിയെന്നും പട്ടികജാതിക്കാരനെ ജയിപ്പിച്ച് വിട്ടാൽ ഇങ്ങനെ സംഭവിക്കുമെന്നും പറഞ്ഞ് തന്നെ വംശീയമായി അധിക്ഷേപിച്ചതായും പ്രശ്നപരിഹാരത്തിനെത്തിയ വണ്ടിപ്പെരിയാർ പോലീസ് സബ് ഇൻസ്പെക്ടർ വാഹനത്തിൽ നിന്നും ഇറങ്ങുവാൻ കൂട്ടാക്കാതെ സംഭവത്തിൽ കൃത്യവിലോപം കാട്ടിയതായും ഗ്രാമപഞ്ചായത്ത് അംഗം എസ്.എ ജയൻ പറഞ്ഞു
സംഭവത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് അംഗത്തെ വംശീയമായി അധിക്ഷേപിച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ദളിത് കോൺഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളും രംഗത്തെത്തികുടിവെള്ള വിതരണത്തിന്റെ പേരിൽ വാർഡ് മെമ്പറെ വംശീയമായി അധിക്ഷേപിച്ചവർക്കെതിരെ പീരുമേട് ഡി.വൈ.എസ്.പിക്ക് പരാതി നൽകിയതായി ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എം ശേഖരൻ ജില്ലാ വൈസ് പ്രസിഡണ്ട് മണിമേഖല എന്നിവർ അറിയിച്ചു
സംഭവത്തിൽ വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർ നടത്തിയ കൃത്യവിലോപത്തിനെതിരെ വണ്ടിപ്പെരിയാർ എസ്.എച്ച്.ഒ കെ ഹേമൻ കുമാറിന് ഗ്രാമപഞ്ചായത്തംഗം നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുമുണ്ട്.