ഗാസ സിറ്റി: ഗാസ ദുരന്തഭൂമിയിൽ പട്ടിണിയിലായവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ആഗോളസന്നദ്ധസംഘടന വേൾഡ് സെൻട്രൽ കിച്ചൺ(ഡബ്ല്യു.സി.കെ) പ്രവർത്തകരായ ഏഴു പേർ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
സംഘടനയുടെ പതാക കെട്ടിയ രണ്ടു കാറിൽ സംഘർഷരഹിത മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഓസ്‌ട്രേലിയ, പലസ്‌തീൻ, പോളണ്ട്, ബ്രിട്ടൻ, യു.എസ് – ക്യാനഡ സ്വദേശികളാണ് കൊല്ലപ്പെട്ടത്.
ഇസ്രയേൽ സൈന്യത്തെ അറിയിച്ച ശേഷമാണ് ഭക്ഷണം വിതരണം ചെയ്‌തതെന്ന് സംഘടന വ്യക്തമാക്കി. മധ്യ ഗാസയിലെ ദേർ അൽ ബലായിൽ 100 ടണ്ണിലധികം ഭക്ഷണ സാധനങ്ങൾ ഇറക്കി തിരിച്ചു വരുമ്പോഴായിരുന്നു ആക്രമണം.
ഡബ്ല്യു.സി.കെ പ്രവർത്തകരുടെ മൃതദേഹങ്ങൾ ഗാസയ്‌ക്കും ഈജിപ്‌തിനുമിടയിലുള്ള ഇടനാഴിയിലൂടെ പുറത്തെത്തിക്കുമെന്ന് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
പ്രവർത്തനം നിർത്തി – അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഏഴു പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഡബ്ല്യു.സി.കെയുടെ ഗാസയിലെ പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചതായും സി.ഇ.ഒ എറിൻ ഗോർ അറിയിച്ചു. ഗാസയിലെ ഭാവി പ്രവർത്തനത്തെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വ്യാപക പ്രതിഷേധം – സന്നദ്ധ പ്രവർത്തകർക്കെതിരായ ഇസ്രയേൽ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. ഓസ്‌ട്രലിയ, ബൽജിയം, സിപ്രസ്, ഈജിപ്‌ത്, പോളണ്ട്, സ്‌കോട്‌ലൻഡ്, ഇറാൻ, ജോർദാൻ തുടങ്ങി വിവിധ രാജ്യങ്ങളും സംഘടനകളും ആക്രമണത്തെ അപലപിച്ചു.
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ – ഗാസ മുനമ്പിലെ 25 ഇടത്ത് ശക്തമായ ആക്രമണം നടത്തി ഇസ്രയേൽ. ഗാസയിലെ ‘ഭീകരരുടെ ഒളിത്താവളം’ ലക്ഷ്യമിട്ടായിരുന്നു നടപടിയെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
ഗാസയിൽ 24 മണിക്കൂറിനിടെ 71 പേർ കൊല്ലപ്പെട്ടു. 102 പേർക്ക് പരിക്കേറ്റു. ആകെ മരണസംഖ്യ മുപ്പത്തിമൂന്നായിരത്തിലേക്ക് അടുക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
റഫയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ആറു പേരും മധ്യ ഗാസയിലെ ദേർ അൽ ബലായിലെ പള്ളി ആക്രമണത്തിൽ 12 പേരും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഖാൻ യൂനിസ് മേഖലയിലും വ്യാപകമായ വ്യോമാക്രമണമുണ്ടായി.