തിരുവനന്തപുരം: പാഴ്സൽ നൽകുന്ന ഭക്ഷണത്തിലും സമയവും തീയതിയും രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ് പുറത്തിറക്കി. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമായും ഭക്ഷണം നൽകുന്ന കവറിൽ ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം. ഭക്ഷണം പാകം ചെയ്ത സമയം തീയതി എത്ര സമയത്തിനുള്ളിൽ കഴിക്കണം തുടങ്ങിയവയാണ് സ്ലിപ്പ്, സ്റ്റിക്കർ എന്നിവയിൽ രേഖപ്പെടുത്തേണ്ടത്. ഫുഡ്‌സേഫ്റ്റി സ്റ്റാൻറേർഡ്‌സ് റഗുലേഷൻസ് പ്രകാരം ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുൾപ്പെടുന്ന ഭക്ഷണങ്ങൾ പാകം ചെയ്ത് 2 മണിക്കൂറിനുള്ളിൽ കഴിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാൻ സമയമെടുക്കുന്ന സന്ദർഭങ്ങളിൽ 60 ഡിഗ്രി ഊഷ്മാവ് നിലനിർത്തണം.
ഈ ഭക്ഷണങ്ങൾ സാധാരണ ഊഷ്മാവിൽ 2 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് യോജ്യമല്ലാത്തതുമാകാൻ സാധ്യതയുണ്ട്. അതിനിലാണ് ഇത്തരം നിയന്ത്രണങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചതെന്ന് വീണ ജോർജ് വ്യക്തമാക്കി. ഭക്ഷ്യ വിഷബാധ ഒരു സ്ഥിരം പ്രശ്നമായി മാറുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിൻറെ പുതിയ നടപടി. കഴിഞ്ഞ ദിവസം മുട്ട ഉപയാഗിച്ചുള്ള മയണൈസ് നിരോധിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ ഉത്തരവുകൾ ഉണ്ടാവുന്നത്.