കോട്ടയം: മണിമലയിൽ ആസിഡ് ആക്രമണത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കോട് സ്വദേശി പി.കെ സുമിത്താണ്(30) മരിച്ചത്.
മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം 13നായിരുന്നു സംഭവം. സുമിത്തിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന സാബു ദേവസ്യ, പ്രസീത് എന്നിവർ 13ന് സുമിത്തിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി പൊന്തൻപുഴ ഭാഗത്തെ വനമേഖലയിലേക്ക് കൊണ്ടു പോയി.
മദ്യം നൽകിയ ശേഷം ആസിഡ് യുവാവിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. കേസിൽ സാബു ദേവസ്യയെയും പ്രസീതിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സാബു ദേവസ്യയ്ക്ക് സുമിത്തുമായി മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതിന്റെ പ്രതികാരമായിട്ടാണ് ആക്രമണം നടത്തിയതെന്നുമാണ് നിഗമനം.