അമ്പലപ്പുഴ: കാക്കാഴം റെയ്ൽവേ മേൽപ്പാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 യുവാക്കൾ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24), സുമോദ്, സച്ചിൻ കൊല്ലം മൺറോത്തുരുത്ത് തേവലക്കര സ്വദേശി അമൽ(26) എന്നിവരാണ് മരണപ്പെട്ടത്. കാറിൽ സഞ്ചരിച്ചിരുന്ന ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് വന്ന കാറും, കൊല്ലം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
കാർ അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അഗ്നിശമന യൂണിറ്റുകൾ യാത്രക്കാരെ പുറത്തെടുത്തത്. നാലു പേർ സംഭവസ്ഥലത്തും, ഒരാൾ മെഡിക്കൽ കോളെജ് ആശുപത്രിയിലും വച്ചാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.