തിരുവനന്തപുരം: കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് തിരക്ക് കണക്കിലെടുത്താണ് നടപടി. വ്യാഴാഴ്‌ചയാണ് പ്രത്യേക ട്രെയിനിന്റെ ആദ്യ സർവീസ്.
എട്ട് സ്ലീപ്പർ കോച്ചുകളും എട്ട് ജനറൽ കോച്ചുകളുമുള്ള ട്രെയിനാണിത്. വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളി രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും. ഇവിടെ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടും.
ശനി പുലർച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും. സമാനമായി 27ന് വൈകിട്ട് ഏഴിന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 28ന് രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളിയിൽ നിന്ന് 28ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ 29ന് പുലർച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരുന്ന നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ട്രെയിനിൽ സീറ്റ് റിസർവേഷൻ ഐ.ആർ.സി.റ്റി.സി അടക്കമുള്ള സംവിധാനം വഴി ആരംഭിച്ചു.