Timely news thodupuzha

logo

നാല് പേർക്ക് പുതുജീവനേകി തമിഴ്‌നാട് സ്വദേശി

തിരുവനന്തപുരം: മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി പുതുജീവനേകിയത് നാല് പേർക്ക്. കന്യാകുമാരി സ്വദേശിയായ എം രാജയുടെ(38) ഹൃദയം, കരൾ, രണ്ട് വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കാണ് ലഭിച്ചത്.

മെഡിക്കൽ കോളേജിലെ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയലൂടെ ആലപ്പുഴ സ്വദേശിയായ 26കാരൻ പുതുജീവിത്തിലെത്തി. കാർഡിയോ മയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലാതിരുന്ന യുവാവിലാണ് ഹൃദയം മാറ്റിവച്ചത്.

ഇന്നലെ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കിംസിലെത്തി ഹൃദയം ഏറ്റെടുത്തു.

രാത്രിയിൽ ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ ഗ്രീൻ കോറിഡോർ ഒരുക്കിയാണ് ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചത്.

അതിരാവിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചു. രാവിലെ 10 മണിയോടെ ശസ്ത്രക്രിയ പൂർത്തിയായി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

അവയവം ദാനം നൽകിയ രാജയുടെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദരവറിയിച്ചു. ഒപ്പം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.

ഡ്രൈവറായ രാജയ്ക്ക് തലയ്ക്കുള്ളിലെ രക്തസ്രാവം കാരണമാണ് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചത്.

തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയറിഞ്ഞ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാകുകയായിരുന്നു.

മസ്തിഷ്‌ക മരണ നിർണയവും അവയവ വിന്യാസവും ശസ്ത്രക്രിയകൾക്ക് ഏകോപനവും നടത്തിയത് സർക്കാരിന്റെ മസ്തിഷ്‌ക മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോയാണ്.

രാജയുടെ ഭാര്യ എല്ലിസുമിത നാഗർകോവിൽ കോടതിയിലെ താത്ക്കാലിക ജിവനക്കാരിയാണ്. പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളാണുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *