വടകര: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ ചേരിത്തിരിവിന് ശ്രമിച്ചിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് സി.പി.എമ്മാണ് മതധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാഫറിന് വോട്ട് ചെയ്യരുതെന്ന തരത്തിൽ പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്നും തനിക്ക് മതത്തിൽ പ്ലസ് വേണ്ടെന്നും ഫാഷി പറഞ്ഞു.
തനിക്കെതിരെയുള്ള പോസ്റ്റ് വ്യാജമാണെന്ന് എല്ലാവർക്കുമറിയാം. തന്നെ വ്യക്തിപരമായി ആക്രമിക്കാൻ വേണ്ടി മാത്രമായിരുന്നു അത്. വ്യാജ പോസ്റ്റ് തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നത്.
ഏറ്റവും തരംതാണ പ്രവർത്തിയാണിത്. കാഫിർ എന്നു വിളിച്ച് വോട്ടിന് അർഹരല്ലെന്ന് പറയുന്നവരുടെ പട്ടികയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നില്ല. വർഗീയവാദിയെന്ന് വിളിക്കുന്നത് കേൾക്കാൻ അത്ര രസകരമായ അനുഭവം അല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.