ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച തെലങ്കാന പൊലീസ് നടപടിക്കെതിരായ പ്രതിഷേധം ഫലം കണ്ടു. രോഹിത് വെമുലയുടെ മരണം പുനരന്വേഷിക്കാൻ തെലങ്കാന ഡി.ജി.പി രവി ഗുപ്ത ഉത്തരവിട്ടു.
രോഹിത് പട്ടികജാതി വിഭാഗത്തില്പ്പെടുന്നയാളല്ലെന്നും യഥാര്‍ഥ ജാതി വെളിപ്പെടുമെന്ന ഭയത്താലാണ് ആത്മഹത്യയെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്. കേസിലെ അന്തിമ റിപ്പോർട്ടിൽ ചില പൊരുത്തക്കേടുകളുണ്ടെന്നും കേസിൽ കോടതിയോട് ഇടപ്പെടാൻ അഭ്യർഥിക്കുമെന്നും ഡി.ജി.പി പറഞ്ഞു.
2016 ജനുവരിയിലാണ് ഗവേഷക വിദ്യാർഥിയായ രോഹിതിനെ ക്യാമ്പസില്‍ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ചാൻസലറായിരുന്ന അപ്പാ റാവു, അന്നത്തെ വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, എ.ബി.വി.പി നേതാക്കൾ എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ, പട്ടികവിഭാഗത്തിനെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തത്.
ജാതീയവിവേചന നേരിട്ടതായി രോഹിതിന്റെ ആത്മഹത്യ കുറിപ്പിലും മറ്റ് ലേഖനങ്ങളിലും വ്യക്തമായിരുന്നു. എന്നാൽ, മരണത്തിന് കാരണം രോഹിത് വെമുല നേരിട്ട ജാതി വിവേചനമല്ലെന്ന നിഗമനമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.
പഠനത്തേക്കാൾ വിദ്യാർഥി രാഷ്ട്രീയത്തിലാണ് രോഹിത്കൂടുതൽ ഇടപെട്ടെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മുന്‍ എം.പി ബന്ദാരു ദത്താത്രേയ, വൈസ് ചാൻസലർ അപ്പാ റാവു എന്നിവരുള്‍പ്പെടെ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലു മാസം പിന്നിടുമ്പോഴേക്കും എത്തിയ പൊലീസിന്റെ അന്തിമ റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതോടെയാണ് സർക്കാർ തീരുമാനം പുനഃപരിശോധിച്ചത്.
അതേസമയം രോഹിത് വെമുലയുടെ അമ്മയും സഹോദരനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.