ന്യൂഡല്‍ഹി: സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ കൂട്ടത്തോടെ മെഡിക്കല്‍ ലീവ് എടുത്തതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയ വിമാന സര്‍വീസുകളുടെ എണ്ണം 80ലേറെ. ആഭ്യന്തര സര്‍വീസുകള്‍ അടക്കമാണിത്.
മുന്നറിയിപ്പ് ഇല്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. കാബിന്‍ ക്രൂ അംഗങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായി എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
യാത്ര പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ മെഡിക്കല്‍ ലീവ് എടുക്കാന്‍ ആരംഭിച്ചത്. ഇന്നലെ രാത്രി മുതലാണ് മിന്നല്‍ പണിമുടക്കിന് സമാനമായി കാബിന്‍ ക്രൂ അംഗങ്ങള്‍ മെഡിക്കല്‍ ലീവ് എടുക്കാന്‍ തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
200ലേറെ ജീവനക്കാരാണ് കൂട്ടത്തോടെ മെഡിക്കല്‍ ലീവ് എടുത്തത്. സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ പാടില്ല എന്നാണ് ചട്ടം. ചില വിഭാഗം ജീവനക്കാരോടുള്ള അവഗണനയാണ് ഇത്തരം പണിമുടക്കിന് ഇടയാക്കിയതെന്ന് പറയുന്നു.
മുന്നറിയിപ്പ് ഇല്ലാതെ സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ലീവ് എടുത്തതോടെ യാത്ര നടത്താന്‍ കഴിയാതെ വന്നതെന്നും കൂട്ടത്തോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
കൂട്ടത്തോടെ മെഡിക്കല്‍ ലീവ് എടുക്കാനുള്ള കാരണം കണ്ടെത്താന്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തി വരികയാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ ഊര്‍ജ്ജിതമായ ശ്രമം നടന്നുവരുന്നതായും അറിയിച്ചു.
വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ തിരികെ നല്‍കുകയോ ബദല്‍ യാത്രാ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.