രണ്ടാഴ്ച മുൻപാണ് തമിഴ്നാട് നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം അസാധാരണ സാഹചര്യങ്ങളിലേക്കു നയിച്ചത്. സർക്കാർ തയാറാക്കിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ ആർ.എൻ. രവി ഒഴിവാക്കിയത് സർക്കാരിനെയും ഭരണകക്ഷി ഡിഎംകെയെയും ചൊടിപ്പിച്ചു. ഗവർണർ ഒഴിവാക്കിയതടക്കം ചേർത്തുള്ള പൂർണമായ പ്രസംഗം സഭാരേഖകളിൽ ഉൾപ്പെടുത്താനുള്ള പ്രമേയം മുഖ്യമന്ത്രി സ്റ്റാലിൻ അവതരിപ്പിച്ചത് രവി നിയമസഭയിലുള്ളപ്പോൾ തന്നെയാണ്. ഇതിൽ പ്രതിഷേധിച്ച് ഗവർണർ ഇറങ്ങിപ്പോവുകയും ചെയ്തു. നിയമസഭ അങ്ങനെ പരസ്യ ഏറ്റുമുട്ടലിൻറെ വേദിയായി. തമിഴ്നാട്ടിലേതു പോലെ കേരളത്തിലും സർക്കാർ- ഗവർണർ പോര് കുറച്ചുകാലമായി വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നതാണ്. ഇത്തവണത്തെ ബജറ്റ് സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ ആരംഭിക്കാൻ സർക്കാർ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകളും ഇടയ്ക്കു വന്നിരുന്നു. എന്തായാലും സഭാ സമ്മേളനത്തിനു മുൻപു തന്നെ സർക്കാരും ഗവർണറും തമ്മിൽ അനുരഞ്ജനമുണ്ടായി. ഇന്നലെ സർക്കാരിൻറെ നയപ്രഖ്യാപന പ്രസംഗം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതേപടി വായിക്കുകയും ചെയ്തു. സർക്കാരിൻറെ നയം എന്ത് എന്നതു തന്നെയാണു നയപ്രഖ്യാപന പ്രസംഗത്തിൽ ഉദ്ദേശിക്കുന്നത്. അത് അതേപടി വായിക്കുന്നതിൽ ഗവർണർ തുറന്ന മനസു കാണിക്കേണ്ടതുമാണ്.
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ശുഭകരമായി സഭാ സമ്മേളനം ആരംഭിക്കാൻ കഴിഞ്ഞുവെന്നതിൽ സർക്കാരിന് ആശ്വസിക്കാം. കേന്ദ്ര സർക്കാരിൻറെ രാഷ്ട്രീയം മുൻനിർത്തി ഗവർണർമാർ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുമായി പോരടിക്കുകയാണ് എന്നാണല്ലോ പല സംസ്ഥാനത്തുനിന്നും ഉയരുന്ന പരാതികൾ. എന്നാൽ, നയപ്രഖ്യാപന പ്രസംഗത്തിനു മുൻപു തന്നെ കേരളത്തിലെ പ്രതിപക്ഷം ആരോപിച്ചത് ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ഒത്തുകളി മൂലം കേന്ദ്ര സർക്കാരിനുള്ള വിമർശനങ്ങൾ ഒഴിവാക്കിയെന്നാണ്. അതുപക്ഷേ പൂർണമായും ശരിവയ്ക്കുന്നതായിരുന്നില്ല ആരിഫ് മുഹമ്മദ് ഖാൻ വായിച്ച പ്രസംഗം. സംസ്ഥാനത്തിൻറെ കടമെടുപ്പു പരിധി നിയന്ത്രിച്ചത് അടക്കം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെ പ്രസംഗം വിമർശിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിൻറെ താത്പര്യമെന്തോ അതു തന്നെയാണു നയപ്രഖ്യാപനത്തിലുമുള്ളത്.
നിയമസഭ അംഗീകരിച്ച ചില ബില്ലുകൾ ഇനിയും ഒപ്പുവയ്ക്കാത്ത ഗവർണറുടെ നിലപാടിനെയും പ്രസംഗം വിമർശിക്കുന്നു. ഒരു പ്രകോപനവുമില്ലാതെ ഗവർണർ അതും വായിച്ചു. നിയമനിർമാണത്തിൻറെ ചൈതന്യം സംരക്ഷിക്കപ്പെടണമെന്നാണു പ്രസംഗം പറയുന്നത്. ജനതാത്പര്യങ്ങളെയാണു നിയമസഭകൾ പ്രതിനിധീകരിക്കുന്നത്. സഭയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടണം. നിയമ നിർമാണ സഭ ലക്ഷ്യമിടുന്ന നിയമങ്ങൾ, നിയമമായി പ്രാബല്യത്തിൽ വരണമെന്ന ഭരണഘടനാ മൂല്യം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു ഗവർണർ നയപ്രഖ്യാപനത്തിൽ പറയുന്നുണ്ട്. അതായത് ഗവർണർ ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ഭരണഘടനാ മൂല്യ സംരക്ഷണത്തിന് എതിരാവുമെന്നർഥം. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് തന്നെ നീക്കുന്ന ബില്ലിനും ലോകായുക്ത നിയമ ഭേദഗതി ബില്ലിനും ഇനിയും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ഈ സാഹചര്യം മുന്നിലുള്ളപ്പോഴാണ് സർക്കാർ നയം എന്താണോ അത് ആരിഫ് മുഹമ്മദ് ഖാൻ അതുപോലെ വായിച്ചത്.