ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകെ ആസ്തി 3.02 കോടി രൂപ. ഇതിൽ ഭൂരിപക്ഷവും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിലെ സ്ഥിര നിക്ഷേപം.
സ്വന്തമായി ഭൂമിയില്ല, വീടില്ല, കാറില്ല. വാരാണസിയിൽ മത്സരിക്കുന്ന മോദി നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച രേഖകളിലാണ് സ്വന്തം ആസ്തി വെളിപ്പെടുത്തുന്നത്.
എസ്ബിഐയിൽ മോദിക്ക് 2.86 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. കൈയിൽ പണമായി 52,920 രൂപ. ഗാന്ധി നഗറിലും വാരാണസിയിലുമായി രണ്ട് ബാങ്ക് അക്കൗണ്ടുകൾ.
അതിലാകെ 80,304 രൂപ.ദേശീയ സമ്പാദ്യ പദ്ധതിയിൽ 9.12 ലക്ഷം രൂപ നിക്ഷേപം. 2.68 ലക്ഷം രൂപ വിലയുള്ള നാലു സ്വർണ മോതിരങ്ങളും പ്രധാനമന്ത്രിയുടെ സമ്പാദ്യമാണ്.
2018 – 2019ൽ 11.14 ലക്ഷം രൂപയായിരുന്നു മോദിയുടെ വരുമാനം. 2022 – 2023ൽ ഇത് 23.56 ലക്ഷമായി ഉയർന്നു. 1978ൽ ഡൽഹി സർവകലാശാലയിൽ നിന്നു ബി.എ.യും 1983ൽ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എയും പൂർത്തിയാക്കി.
തന്‍റെ പേരിൽ ക്രിമിനൽ കേസുകളില്ലെന്നും സത്യവാങ്മൂലത്തിൽ മോദി വ്യക്തമാക്കുന്നു. തന്‍റെ പേരിൽ 20 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ വെളിപ്പെടുത്തിയിരുന്നു.
4.2 ലക്ഷം രൂപയുടെ സ്വർണം സ്വന്തമായുള്ള രാഹുലിനും സ്വന്തം പേരിൽ വീടോ, വാഹനമോ ഇല്ല. എന്നാൽ, സുൽത്താൻപുർ, മെഹ്റൗലി, ന്യൂഡൽഹി എന്നിവിടങ്ങളിലായി 3.778 ഏക്കർ ഭൂമിയുണ്ട്. ഗുരുഗ്രാമിൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിടവുമുണ്ട്.