ഏഴുകോൺ: തിരുവനന്തപുരം മെഡിക്കൽ കോളെജ് ഫാർമസിയിൽ നിന്ന് പതിനാലുകാരന് ഡോക്‌ടർ നിർദേശിച്ചതിലും അധികം മരുന്ന് കൂട്ടി നൽകിയതായി പരാതി.
അപസ്മാര സംബന്ധമായ പ്രശ്നങ്ങൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തിയ ഏഴുകോൺ സ്വദേശിയായ പതിനാലുകാരനാണ് മരുന്ന് ഡോസ് കൂട്ടി നൽകിയത്.
ഡോസ് കൂട്ടിയ മരുന്ന് കഴിച്ചതോടെ കുട്ടിയുടെ മനോനില തെറ്റുന്ന അവസ്ഥയിലേക്കെത്തി. നിലവിൽ കുട്ടി പ്രതിസന്ധി ഘട്ടം തരണം ചെയ്തിട്ടുണ്ട്. കുട്ടിയുടെ കുടുംബം ഫാർമസി ജീവനക്കാർക്കെതിരേ മെഡിക്കൽ കോളേജ് സുപ്രണ്ടിന് പരാതി നൽകി.
മരുന്ന് കഴിച്ചതിന് ശേഷം മകൻറെ മനോനിലയിൽ മാറ്റം സംഭവിച്ചിരുന്നു. നാട്ടിലെ ഡോക്‌ടറാണ് അപസ്മാരത്തിന് കഴിക്കുന്ന മരുന്നല്ല ഡോസ് കൂട്ടിയാണ് നൽകിയിരിക്കുന്നതെന്ന് പറഞ്ഞത്. ഫാർമസിയിൽ മരുന്ന് തന്നപ്പോൾ ഉണ്ടായ പിശകാണെന്ന് ഡോക്‌ടർ പറഞ്ഞു.
പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് തന്നെ ചികിത്സയ്ക്കെത്തുകയും ചികിത്സിച്ച് ഭേദമാകുകയും ചെയ്തു. ഭാവിയിൽ മകന് ബുദ്ധിമുട്ട് വരുമോയെനന്ന ഭയമുണ്ടെന്ന് കുട്ടിയുടെ അമ്മ മാധ‍്യമങ്ങളോട് പറഞ്ഞു.