Timely news thodupuzha

logo

ഡ്രൈവിങ്ങ് സ്കൂൾ ഉടമകളുടെ യോഗം ഇന്ന്

തിരുവനന്തപുരം: ടെസ്റ്റ്‌ പരിഷ്കരണത്തിന് എതിരേ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഡ്രൈവിങ്ങ് സ്കൂൾ ഉടമകളുമായി യോഗം വിളിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ.

ബുധനാഴ്ച മൂന്നിന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിലാണ് യോഗം. നേരത്തെ സി.ഐ.റ്റി.യുവുമായി 23ന് ചർച്ച പ്രഖ്യാപിച്ചിരുന്നെങ്കിലും മറ്റ് സംഘടനകൾ ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചതോടെ എല്ലാ സംഘടനകളെയും ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്.

ഇവർ നിർദേശിക്കുന്ന പ്രതിനിധികളുമായി ചർച്ച നടത്തും. മെയ് ഒന്ന് മുതൽ ഡ്രൈവിങ്ങ് ടെസ്റ്റിൽ നടത്തിയ പരിഷ്‌കരണങ്ങളാണ് സമരത്തിന് വഴിയൊരുക്കിയത്.

പരിഷ്കാരം സംബന്ധിച്ച് സർക്കാർ പിന്നീട് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധത്തിൽ നിന്നും പിന്നോട്ടു പോകാൻ സംഘടനകൾ തയാറായില്ല.

ടെസ്റ്റുകൾ കൂട്ടമായി മുടങ്ങുന്ന സാഹചര്യമുണ്ടായി. മിക്ക ടെസ്റ്റിങ് ഗ്രൗണ്ടുകളിലും സ്കൂൾ നടത്തിപ്പുകാർ നിസഹകരണം പ്രഖ്യാപിക്കുകയും പ്രതിഷേധം തുടരുകയും ചെയ്ത സാഹചര്യത്തിൽ സ്വന്തം വാഹനവുമായെത്തിയ ചിലർക്ക് മാത്രമാണ് രണ്ടാഴ്ചയ്ക്കിടെ ടെസ്റ്റിൽ പങ്കെടുക്കാനായത്.

കഴിഞ്ഞ ദിവസം മന്ത്രിയെ വിമർശിച്ച് സി.പി.എം നേതാവ് എ.കെ ബാലനടക്കം രംഗത്തു വന്നു. ബി.എം.എസ്, ഐ.എൻ.റ്റി.യു.സി അടക്കമുള്ളവരുള്ള സംയുക്ത സമര സമിതി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.

ഈ സാഹചര്യത്തിലാണ് ഇൻഡോനേഷ്യയിൽ ആയിരുന്ന മന്ത്രി മടങ്ങി എത്തിയതോടെ സമരക്കാരെ കാണാൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, പരിഷ്കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ്ങ് സ്കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21ന് പരിഗണിക്കുന്നുണ്ട്. ഈ വിധിയും നിര്‍ണായകമാകും. ഇന്നും പല സ്ഥലങ്ങളിലും പൊലീസ് കാവലിൽ ടെസ്റ്റുകൾ നടന്നു.

Leave a Comment

Your email address will not be published. Required fields are marked *