കോഴിക്കോട്: പറവൂർ സ്വദേശിയായ നവവധുവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ ഭർത്താവ് കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി ഗോപാലൻ ഒളിവിലെന്നു പോലീസ്.
നവവധുവിനെ മർദിച്ച സംഭവത്തിൽ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമാണ് രാഹുലിെനതിരേ പോലീസ് കേസെടുത്തിട്ടുള്ളത്.
രാഹുൽ ഇന്നലെ വൈകിട്ടു മൂന്നുവരെ വീട്ടിൽ ഉണ്ടായിരുന്നതായി അയാളുടെ അമ്മ പറഞ്ഞു. എവിടേക്കാണ് പോയതെന്ന് അറിയില്ല. അഭിഭാഷകനെ കാണണമെന്നു പറഞ്ഞ് പോയതാണ്.
രാഹുൽ നവവധുവിനെ മർദിച്ചിട്ടുണ്ടെന്നും എന്നാൽ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലന്നും അവർ പറഞ്ഞു. ഇതിൻറെ പേരിൽ വഴക്ക് ഉണ്ടായിട്ടില്ല. അടിച്ചുവെന്നത് ശരിയാണ്.
താഴത്തെ നിലയിലാണ് ഞങ്ങൾ കിടക്കുന്നത്. ഇവർ മുകളിലത്തെ നിലയിലും. അവിടെ നടന്ന സംഭവങ്ങൾ കേട്ടിട്ടില്ല. നേരത്തെ വഴക്ക് ഉണ്ടായിട്ടില്ല. നേരത്തെ രാഹുൽ വിവാഹം കഴിച്ചിട്ടില്ല.
ഒരു വിവാഹനിശ്ചയം നടത്തിയിരുന്നു. പിന്നീട് അതു ഒഴിവാക്കിയെന്ന് അമ്മ പറഞ്ഞു. രാഹുൽ മുൻകൂർ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിച്ചതായി സൂചനയുണ്ട്.
അതേസമയം നവവധുവനെ മർദിച്ച സംഭവത്തിൽ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സി.ഐക്കും മറ്റ് ഉദ്യോഗഥർക്കുമെതിരേ നടപടി വേണമെന്ന് പിതാവ് ഹരിദാസൻ ആവശ്യപ്പെട്ടു.
കേസ് എടുക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. രാഹുൽ വിവാഹത്തട്ടിപ്പുകാരനാണെന്ന് അദ്ദേഹം ആരോപിച്ചു.
നേരത്തെ രാഹുൽ രണ്ടു വിവാഹങ്ങൾ ഉറപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അതിൽ നിന്ന് പിൻവാങ്ങിയെന്ന് ഹരിദാസൻ പറഞ്ഞു. ഇക്കാര്യങ്ങൾ കൂടി പോലീസ് പരിശോധിക്കണം. പന്തീരാങ്കാവ് പോലീസിനെ വിശ്വാസമില്ലാത്തിതിനാൽ കേസ് എറണാകുളത്തേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മോശം അനുഭവമാണ് തനിക്കും മകൾക്കും പന്തീരാങ്കാവ് പോലീസിൽ നിന്ന് ഉണ്ടയത്. പോലീസ് നിലപാടിനെതിരേ മുഖ്യമന്ത്രിക്കു നിവേദനം നൽകിയതായി അദ്ദേഹം പറഞ്ഞു.
150 പവനും കാറും സ്ത്രീധനമായി കിട്ടുന്നതിനു വേണ്ടിയാണ് രാഹുൽ തന്നെ മർദിച്ചതെന്നാണ് യുവതിയുടെ ആരോപണം. ജർമനിയിൽ ഏറോനോട്ടിക്കൽ എൻജിനീയറാണ് രാഹുൽ. നവവധു തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ എൻജിനീയറായ കൊച്ചി സ്വദേശിനിയും.
മർദനമേറ്റ് അവശയയായ യുവതിയെ രക്ഷിതാക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. വിവാഹത്തിൻറെ ആറാം നാളാണ് മർദനം തുടങ്ങിയത്.
ഈ മാസം അഞ്ചിനാണ് ഗുരുവായൂർ ക്ഷേത്രത്തിൽ രാഹുലും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. മാരേജ്യജ് ബ്യൂറോ വഴിയാണ് വിവാഹം ഉറപ്പിച്ചത്. കൊടിയ പീഡനമാണ് ഒരാഴ്ച കൊണ്ട് നടന്നതെന്നും പിതാവ് പറഞ്ഞു.