ഇടുക്കി: കടുത്ത വരൾച്ചയെത്തുടർന്ന് കൃഷിനാശമുണ്ടായ ഇടുക്കി ജില്ലയിൽ കൃഷിവകുപ്പ് മന്ത്രി ആർ പ്രസാദ് സന്ദർശനം നടത്തി. വ്യാപക ഏലകൃഷി നാശമുണ്ടായ പ്രദേശങ്ങൾ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ,കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം മന്ത്രി ആർ പ്രസാദ് സന്ദർശിച്ചു.
തുടർന്ന് കട്ടപ്പനയിൽ കർഷക സംഘടന പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരുമായി കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്തു.
വ്യാപകമായ കൃഷിനാശമാണ് ഇടുക്കി ജില്ലയിലുണ്ടായതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരും കമ്മോഡിറ്റി ബോർഡുകളും ഇക്കാര്യത്തിൽ ഇടപെടുകയും ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും വേണം . അതിന് നിലവിലെ മാനദണ്ഡങ്ങൾ തടസമാകരുതെന്നും മന്ത്രി പറഞ്ഞു. അടിയന്തര ഇടപെടലുകൾക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം തടസ്സമാവുന്നതിനാൽ ഉദ്യോഗസ്ഥതലത്തിൽ കാര്യങ്ങൾ മുന്നോട്ട് നീക്കും.
കുമളി വെള്ളാരംകുന്ന്, വള്ളക്കടവ്, സുവർണ്ണ ഗിരി, കാഞ്ചിയാർ തുടങ്ങിയ സ്ഥലങ്ങളായിരുന്നു മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത് .കട്ടപ്പനയിൽ ചേർന്ന യോഗത്തിൽ എം എൽ എ മാരായ എം എം മണി , വാഴൂർ സോമൻ , എ രാജ , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ , കർഷക സംഘടന പ്രതിനിധികൾ, ത്രിതല പഞ്ചായത്ത്ജനപ്രതിനിധികൾ , കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.