തൊടുപുഴ: 1998 ൽ സ്ഥാപിതമായ തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിന്റെ 25 ആം വർഷം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ. 2022 ജൂൺ 25 ന് പി.ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്ത സിൽവർ ജൂബിലി പരിപാടികളുടെ സമാപന ചടങ്ങുകൾ നാളെ മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഗാന്ധിസ്കവയർ, മങ്ങാട്ടുകവല ബസ് സ്റ്റാന്റ്, വെങ്ങല്ലൂർ സിഗ്നൽ, പ്രൈവറ്റ് ബസ് സ്റ്റാന്റ്, കാഞ്ഞിരമറ്റം കവല എന്നിവിടങ്ങളിൽ ഫ്ലാഷ് മോബുകളും 28 ന് ഡിപോൾ മാരത്തോൺ@25 വും സംഘടിപ്പിച്ചിട്ടുണ്ട്.
ഡിപോൾ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് ഷാപ്പുംപടി, കാഞ്ഞിരമറ്റം ജങ്ങ്ഷനിലൂടെ കടന്ന് തിരിച്ചെത്തുന്ന മാരത്തോൺ വിജയികൾക്ക് ഒന്നാം സമ്മാനമായി 10001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി 7001 രൂപയും ട്രോഫിയും, മൂന്നാംസമ്മാനമായി 3001 രൂപയും ട്രോഫിയും നൽകും. ഫെബ്രുവരി നാലിന് വൈകിട്ട് നാലുമണി മുതൽ നടക്കുന്ന സമാപനസമ്മേളനം ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിനാകും ഉദ്ഘാടനം ചെയ്യുന്നത്. വിൻസെൻഷ്യൻ സഭ സുപ്പീരിയർ ജനറൽ ഫാ ജോൺ കണ്ടത്തിൻകര അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോതമംഗലം രൂപതാ അദ്ധ്യക്ഷൻ ഫാ മാർ ജോർജ്ജ് മഠത്തികണ്ടത്തിലിന്റെ അനുഗ്രഹ പ്രഭാഷണവും എം.പി ഡീൻ കുര്യാക്കോസ്, എം.എൽ.എ പി.ജെ ജോസഫ്, പ്രോവിൻഷ്യൽ സുപ്പീരിയർ ഫാ മാത്യു കക്കാട്ടുപിള്ളിൽ, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ്, വാർഡ് കൗൺസിലർ മുഹമ്മദ് അഫ്സൽ തുടങ്ങിയവരുടെ പ്രസംഗവും ഉണ്ടായിരിക്കും.
സിനിമാ സംവിധായകൻ ലാൽ ജോസും പിന്നണി ഗായിക രാജലക്ഷ്മിയുമാണ് വിശിഷ്ടാതിഥികളായെത്തും. ജൂബിലിയുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് ഭവനം പണിത് കൊടുക്കുവാനും, സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്വിമ്മിങ്ങ് പൂൾ നിർമ്മിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പാൾ ഫാ സിബി കെ ജോൺ, വൈസ് പ്രിൻസിപ്പാൾ ഫാ ടിനു അടപ്പൂർ, പി.ടി.ഐ പ്രസിഡന്റ് ഹെജി.പി ചെറിയാൻ, അജേഷ് പി ജോൺ, സിനിൽ തോമസ്, അനീഷ് പി.ഡി തുടങ്ങിയവർ പങ്കെടുത്തു.