തൊടുപുഴ: മങ്ങാട്ടുകവലയിൽ നിന്നും കാഞ്ഞിരമറ്റം ജംഗ്ഷനിലേക്ക് പോകുന്ന ബൈപ്പാസ് റോഡിൽ ഇലക്ട്രിക് പോസ്റ്റുകൾ നിറയെ കാട്ടു ചെടികൾ കയറിയിരിക്കുക ആണ്. പോസ്റ്റ് തിരിച്ചറിയാൻ സാധിക്കാത്ത വിധമാണ് ഇലകൾ മൂടിയിരിക്കുന്നത്. പോസ്റ്റിൽ നിന്നുള്ള ലൈൻ കമ്പികളിലേക്കും പച്ചിലകൾ പടർന്നു കയറിയിട്ടുണ്ട്. വിമല പബ്ലിക് സ്കൂളിന് സമീപം രണ്ട് ഇടങ്ങളിലാണ് സമാന രീതിയിൽ കാട്ടുചെടികൾ വളർന്ന് പോസ്റ്റുകളിൽ ചുറ്റിയിരിക്കുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകൾ നിത്യേന നടന്നു പോകുന്ന വഴിയായതിനാൽ അപകട സാധ്യത ഏറെയാണ്. വാഹനങ്ങൾ വരുമ്പോൾ കാൽനട യാത്രികർക്ക് വഴിയരികിലേക്ക് മാറി നിൽക്കാൻ പറ്റാത്ത സാഹചര്യവുമാണ്.