Timely news thodupuzha

logo

ഡോക്ടർമാരുടെ അഭാവത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രി: പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്

കട്ടപ്പന: ദിവസേന നിരവധി രോഗികൾ ആശ്രയിക്കുന്ന കട്ടപ്പന താലൂക്ക് ആശുപത്രിയാണ് പ്രതിസന്ധികളുടെ നടുവിൽ വീർപ്പുമുട്ടുന്നത്. 17 ഡോക്ടർമാരുടെ തസ്തികയുള്ളടത്ത് ഏഴ് ഡോക്ടർമാരുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ.

നിരവധിയായ സ്പെഷ്യലാലിറ്റി ഓപ്പികൾ ഉണ്ടെങ്കിലും ജനറൽ ഓപി മാത്രമാണ് നിലവിൽ ഇവിടെയെത്തുന്നവർക്ക് ആശ്രയം.ദിവസേന ഇരുനൂറിലധികം രോഗികളെ ഒരു ഡോക്ടർ മാത്രം നോക്കേണ്ട ഗതികേടുമുണ്ട്.

അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറുടെ ഒഴിവ് നികത്താത്തതിനാൽ പല ഘട്ടത്തിലും ഓപ്പറേഷൻ അടക്കം മുടങ്ങുന്നുവെന്നും ആരോപണം ശക്തമാണ്. ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയും മുൻസിപ്പാലിറ്റിയും സർക്കാരിന് കത്തു നൽകുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. എന്നാൽ യാതൊരുവിധ നടപടിയും ഉണ്ടായില്ല.

കട്ടപ്പനയിൽ നിരവധി സ്വകാര്യ ആശുപത്രികൾ ഉണ്ടെങ്കിലും സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്നത് താലൂക്ക് ആശുപത്രിയേയാണ്. എന്നാൽ ഇവിടെയെത്തുന്ന രോഗികൾ പലപ്പോഴും മറ്റു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.സമീപപ്രദേശങ്ങളിലെ ആദിവാസി, തോട്ടം മേഖലയിൽ നിന്നുള്ള ആളുകൾ പോലും അത്യാഹിത സാഹചര്യത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നു.

എന്നാൽ പലപ്പോഴും ഡോക്ടർമാരുടെ അഭാവം വലിയ പ്രതിസന്ധിയാണ് രോഗികൾക്ക് നൽകുന്നത്. നഗരത്തിലെ മറ്റ് സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഫലമായിട്ടാണ് സർക്കാർ ആശുപത്രിയോട് അധികൃതർ മുഖം തിരിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഉടനടി നടപടി ഉണ്ടാവാത്ത പക്ഷം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *