Timely news thodupuzha

logo

ഇന്ത്യക്കാർക്ക്‌ നാല്‌ മാസംകൊണ്ട് സൈബർ കുറ്റങ്ങളിലൂടെ നഷ്‌ടമായത്‌ 1750 കോടി

തിരുവനന്തപുരം: രാജ്യത്ത്‌ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാർ തലത്തിലടക്കം വ്യാപകമായ പ്രവർത്തനങ്ങൾ നടക്കുമ്പോഴും വിലസി തട്ടിപ്പുകാർ.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്‌ നിർബാധം തുടരുകയാണെന്ന്‌ കണക്കുകൾ പറയുന്നു. 2024ൽ ആദ്യ നാല്‌ മാസത്തിനിടെ 1750 കോടി രൂപയാണ്‌ ഇന്ത്യക്കാരെ പറ്റിച്ച്‌ സൈബർ തട്ടിപ്പുകാർ കൈക്കലാക്കിയത്‌.

ഈ വർഷം രജിസ്‌റ്റർ ചെയ്‌ത 7.40 ലക്ഷം പരാതികളിൽ നിന്നാണ്‌ ഈ കണക്കുകൾ ക്രോഡീകരിച്ചത്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ്‌ പോർട്ടലിന്റേതാണ്‌ കണക്കുകൾ.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ രജിസ്‌റ്റർ ചെയ്യുന്നതിൽ വലിയ വർധന ഉണ്ടായതായി സൈബർ ക്രൈം കോർഡിനേഷൻ സെന്റർ വ്യക്തമാക്കുന്നു.

മെയ്‌ 2024 ൽ ദിവസേന ശരാശരി 7000 സൈബർ കുറ്റകൃത്യങ്ങളാണ്‌ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌. ഇതിൽ 85 ശതമാനവും സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച്‌ ഉള്ളവയാണ്‌.

2021 – 2023 കാലത്തെ അപേക്ഷിച്ച്‌ സൈബർ കുറ്റകൃത്യങ്ങളിൽ 113.7 ശതമാനത്തിന്റെ വർധനയാണ്‌ ഉണ്ടായിട്ടുള്ളത്‌. 2022-23 ൽ നിന്ന്‌ 60.9 ശതമാനവും വർധിച്ചു.

2019ൽ 26,049 പരാതികൾ മാത്രമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. 257,777 (2020); 452,414 (2021); 966,790 (2022); 1,556,218 (2023-ൽ), 2024-ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം 740,957… എന്നിങ്ങനെയാണ്‌ പരാതികളുടെ വർധന.

നിക്ഷേപ തട്ടിപ്പുകളിലൂടെ 62,687 പരാതികളിലായി 222 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നും ഡേറ്റിംഗ് ആപ്പുകൾ സംബന്ധിച്ച 1,725 ​​പരാതികളിൽ 13.23 കോടി രൂപ നഷ്‌ടമുണ്ടാക്കിയെന്നും റിപ്പോർട്ട്‌ പറയുന്നു.

ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ, ഗെയിമിംഗ് ആപ്പുകൾ, അൽഗോരിതം കൃത്രിമങ്ങൾ, നിയമവിരുദ്ധമായ വായ്പാ ആപ്പുകൾ, സെക്‌സ്റ്റോർഷൻ, ഒടിപി തട്ടിപ്പുകൾ എന്നിവയ്‌ക്കാണ് കൂടുതൽ ആളുകളും ഇരയായത്‌.

Leave a Comment

Your email address will not be published. Required fields are marked *