തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 25നാണു തെരഞ്ഞെടുപ്പ്. എം.പിമാരായ ബിനോയ് വിശ്വം(സി.പി.ഐ), എളമരം കരീം(സി.പി.എം), ജോസ് കെ മാണി(കേരള കോൺഗ്രസ് എം) എന്നിവരുടെ സീറ്റുകളിലാണ് ഒഴിവ്.
മൂവരുടെയും കാലാവധി ജൂലൈ ഒന്നിന് അവസാനിക്കും. എൽ.ഡി.എഫിലെ ഒരു ഘടക കക്ഷിക്കു ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് സി.പി.ഐയും കേരള കോൺഗ്രസും(എം) ഉൾപ്പെടെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
രാജ്യസഭാ സീറ്റിൻറെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണു കേരള കോൺഗ്രസിൻറെ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്കു തന്നെയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നിലപാടെടുത്തു. ബിനോയ് വിശ്വവും കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണിയും ഒരേ സമയം ഒഴിയുമ്പോൾ രണ്ടിൽ ഒരു പാർട്ടിക്കേ സീറ്റ് ലഭിക്കൂ.