ഇടുക്കി: സംസ്ഥാനത്തുടനീളം ക്രമ പ്രകാരം അതിഥി ജീവനക്കാരായി നിയമിക്കപ്പെടുന്നവരുടെ വേതനം അവരുടെ സേവന കാലാവധിക്കുള്ളിൽ തന്നെ വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. പാമ്പനാർ എസ്.എൻ.കോളേജിലെ കൊമേഴ്സ് വിഭാഗത്തിലെ മുൻ അതിഥി അദ്ധ്യാപകന് ഒരു വർഷം കഴിഞ്ഞിട്ടും ഒരു മാസത്തെ വേതനം പോലും നൽകിയില്ലെന്ന പരാതിയിലാണ് നടപടി.
കോട്ടയം കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കോളേജ് അധികൃതരുടെ വീഴ്ച കാരണമാണ് പരാതിക്കാരൻ ഉൾപ്പെടെയുള്ള അഞ്ച് അതിഥി അദ്ധ്യാപകരുടെ നിയമനം അംഗീകരിക്കാൻ വൈകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പരാതിക്കാരന് വേതനം ലഭിച്ചു.
2016ൽ പുതുതായി ആരംഭിച്ച കോളേജിലേക്ക് ഒരു ഹെഡ് അക്കൌണ്ടന്റ്, ഒരു ക്ലർക്ക്, ഒരു ലൈബ്രേറിയൻ എന്നിങ്ങനെ മൂന്ന് അനദ്ധ്യാപകരുടെ തസ്തിക സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ സ്ഥിരം ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥിരം ജീവനക്കാർ ഇല്ലാത്തത് ഓഫീസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മേയ് നാലിന് പീരുമേട് നടന്ന സിറ്റിംഗിൽ പരാതിക്കാരൻ ഹാജരായി. തനിക്ക് വേതനം ലഭിച്ചെന്നും ഭാവിയിൽ ഒരാൾക്കും ഇത്തരം ഒരു അവഗണന സംഭവിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും പരാതിക്കാരൻ അഭ്യർത്ഥിച്ചു. ഇടുക്കി ചില്ലിത്തോട് സ്വദേശി എബിൻ പി മണി സമർപ്പിച്ച പരാതിയിലാണ് നടപടി.