തൊടുപുഴ: വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വർഷം ആരംഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളെല്ലാം പ്രവേശനോത്സവം ആഘോഷമാക്കി. വ്യത്യസ്തമായ പരിപാടികളോടെയാണ് കുട്ടികളെ വിദ്യാലയങ്ങളിലേക്ക് സ്വാഗതം ചെയ്തത്. തൊടുപുഴ ബ്ലോക്ക് തല പ്രവേശനോത്സവം കല്ലാനിക്കൽ സെന്റ് ജോർജ്ജ്സ് യു.പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം നിർവ്വഹിച്ചു.
പൊതുയോഗത്തിന് മുന്നോടിയായി സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ സംപ്രേക്ഷണം ഉണ്ടായിരുന്നു. സമ്മേളനത്തിന് സ്കൂൾ മാനേജർ റവ. ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ മുഖ്യപ്രഭാഷണം നടത്തി.
തൊടുപുഴ ബ്ലോക്ക് ഇടവെട്ടി ഡിവിഷൻ മെമ്പർ ഇ.കെ അജിനാസ് ആശംസ നേർന്നു. എ.ഇ.ഒ ഷീബ മുഹമ്മദ് ഒന്നാം ക്ലാസിലെയും ഇടവെട്ടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മോളി ബിജു എൽ.കെ.ജിയിലെയും വാർഡ് മെമ്പർ ബേബി കാവാലം യു.കെ.ജിയിലെയും ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർ സൂസി മാത്യു രണ്ട് മുതൽ ഏഴ് വരെയുമുള്ള നവാഗതരെ സ്വീകരിച്ചു.
പി.റ്റി.എ പ്രസിഡന്റ് സിബി കോടമുള്ളിൽ, എം.പി.റ്റി.എ പ്രസിഡന്റ് ജിസാമേൾ ഡോൺ എന്നിവർ സംസാരിച്ചു. അധ്യാപകൻ നിതിൻ സണ്ണി പേരന്റൽ അവയർനസ് പ്രോഗ്രാമിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നയിച്ചു. തൊടുപുഴ ബി.പി.സി അനിൽകുമാർ എം.ആർ സ്വാഗതവും കല്ലാനിക്കൽ എസ്.ജി.യു.പി.എസ് ഹെഡ്മാസ്റ്റർ ലിന്റോ ജോർജ്ജ് കൃതജ്ഞതയും രേഖപ്പെടുത്തി.