കോതമംഗലം: കാലാവധി കഴിഞ്ഞ മരുന്നുകളുടെ വൻശേഖരം കാളിയാർ പുഴയിലും പരിസരങ്ങളിലും കണ്ടെത്തി. കാളിയാർ പുഴയുടെ കാവക്കാട് നീർപ്പാലത്തിലും ഇതിനോട് ചേർന്ന സ്ഥലങ്ങളിലുമാണ് വലിയ തോതിൽ മരുന്നുകൾ തള്ളിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കൂടുതൽ മരുന്ന് തള്ളിയത്. വെള്ളിയാഴ്ച രാത്രിയിലും മരുന്നുകൾ കൊണ്ടു വന്ന് തള്ളിയിരുന്നതായി നാട്ടുകാർ പറയുന്നു.
സംഭവത്തിൽ പോത്താനിക്കാട് സ്വദേശിയുടെ പേരിൽ പോത്താനിക്കാട് പൊലിസ് കേസെടുത്തു. കാലാവധി കഴിഞ്ഞ മരുന്നുകൾ കൊണ്ടെത്തിച്ച് രഹസ്യമായി പുതിയ പാക്കറ്റുകളിലാക്കി വിൽപന നട ത്തുന്നതായുള്ള ആരോപണവും നാട്ടുകാർ പറയുന്നു. ഇതിനെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പുഴയിലൂടെ എന്തുമാത്രം മരുന്നുകൾ ഒഴുക്കി കളഞ്ഞു എന്ന് വ്യക്തമായിട്ടില്ല.
നീർപ്പാലത്തിന്‍റെ തൂണിന്‍റെ സംരക്ഷണ ഭിത്തിയിലും പുഴയുടെ കരയിലുമായി കൂടി കിടക്കുന്ന മരുന്നുകളുടെ എണ്ണം നോക്കുമ്പോൾ വലിയ തോതിൽ മരുന്നുകൾ ഒഴുക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്.
ഗുളികകൾ, കുപ്പി മരുന്നുകൾ, വാക്സിൻ ഇഞ്ചക്ഷൻ മരു ന്നുകൾ തുടങ്ങിയവയുടെ വൻ ശേഖരമാണ് തള്ളിയിരിക്കുന്നത്. മരുന്നുകൾ കൊണ്ടുവന്നിട്ട വരെ കണ്ടെത്തി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പോത്താനിക്കാട് പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിരുന്നു.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ മാത്യു കുഴൽനാടൻ എംഎൽഎയും കർശന നടപടി എടുക്കണമെന്ന് പൊലീസിനോട് അവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ മരുന്നുകൾ നശിപ്പിക്കുന്നതിന് മാനദണ്ഡങ്ങൾ ഉള്ളപ്പോൾ, പാരിസ്ഥിതിക പ്രശ്ന ങ്ങൾക്ക് കാരണമായേക്കാവുന്ന രീതിയിൽ തള്ളിയിരിക്കുന്നത് ഗൗരവമായി കാണണമെന്ന് എം.എൽ.എ പറഞ്ഞു.
എം.എ ൽ.എയുടെ നിർദേശ പ്രകാരം കല്ലൂർക്കാട് അഗ്നി രക്ഷാസേനയെത്തി പുഴയുടെ കരയിലും തൂണിൻ്റെ സംരക്ഷണ ഭിത്തിയിലും കിടന്നിരുന്ന മരുന്നുകൾ നീക്കം ചെയ്തു.