ഇടുക്കി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടർ ഷീബാ ജോർജ്, ജില്ലാ പോലീസ് മേധാവി റ്റി.കെ വിഷ്ണു പ്രദീപ് എന്നിവർ ഇടുക്കി കളക്ടറേറ്റ് വളപ്പിൽ വൃക്ഷതൈ നട്ടു.
പരിസ്ഥിതി സംരക്ഷണത്തിൽ നമ്മുടെ ജില്ലയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്, പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കിയും അനാവശ്യമായി മരങ്ങൾ മുറിക്കാതെയും വരും തലമുറയ്ക്ക് മാതൃക കാട്ടണമെന്ന് കളക്ടർ പറഞ്ഞു.
പരിസ്ഥിതി സ്നേഹം ഒരു ദിവസത്തെ ആഘോഷം മാത്രമായി ചുരുക്കാതെ എപ്പോഴും പ്രകൃതിയോട് കരുതൽ കാട്ടണമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. കളക്ടറേറ്റിലെ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.