Timely news thodupuzha

logo

പലിശ നിരക്കിൽ മാറ്റമില്ലാതെ ആർ.ബി.ഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശനിരക്കിൽ മാറ്റമില്ല. 6.5 ശതമാനമായി പലിശനിരക്ക് തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ എട്ടാം തവണയാണ് പലിശനിരക്ക് മാറ്റമില്ലാതെ തുടരുന്നത്.

ലോകത്ത് പ്രതിസന്ധികളുണ്ടെങ്കിലും ഇന്ത്യ മികച്ച വളർച്ച തുടരുകയാണെന്നും പുതിയ വെല്ലുവിളികളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിവിധ വായ്പകള്‍ക്ക് ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്ന് ഒമ്പത് മുതല്‍ 14 ശതമാനം വരെ പലിശയാണ് ഈടാക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 8.2 ശതമാനം വളര്‍ച്ച നേടിയതിനാല്‍ പലിശ കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സമയമായില്ലെന്നാണ് റിസര്‍വ് ബാങ്കിന്‍റെ നിലപാട്.

2022 മേയ് മാസത്തിന് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ ആറ് തവണയായി 2.5 ശതമാനം ഉയര്‍ത്തി 6.5 ശതമാനമാക്കിയിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കാര്‍ഷിക ഉത്പാദനം തിരിച്ചടി നേരിട്ടതോടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുതിക്കുന്നതാണ് നാണയപ്പെരുപ്പ ഭീഷണി ശക്തമാക്കുന്നത്.

ഇതോടൊപ്പം പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന തലത്തില്‍ തുടരുന്നതും കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നു. ആഗോള ബാങ്കുകള്‍ പലിശ കുറയ്ക്കാനാണ് സാധ്യത.

അമേരിക്ക, യൂറോപ്പ്, യു.കെ എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര ബാങ്കുകള്‍ സെപ്റ്റംബറിന് മുന്‍പ് മുഖ്യ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയേറി.

വികസിത രാജ്യങ്ങള്‍ കടുത്ത മാന്ദ്യ സാഹചര്യങ്ങളിലൂടെ നീങ്ങുന്നതിനാലാണ് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് പകരാനായി പലിശ കുറയ്ക്കാന്‍ ഒരുങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *