ഇടുക്കി: വണ്ടിപ്പെരിയാർ 12ആം വാർഡ് മൗണ്ടിൽ താമസിക്കുന്ന മുൻ എസ്റ്റേറ്റ് ജീവനക്കാരിക്ക് എസ്റ്റേറ്റ് അധികൃതർ കുടിവെള്ളം നിഷേധിക്കുകയാണെന്ന പരാതി രണ്ടാഴ്ചയ്ക്കകം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. പരാതിക്കാരിയുടെ കുട്ടികളുടെ പഠിത്തത്തെ ബാധിക്കുന്ന വിധത്തിൽ എസ്റ്റേറ്റ് അധികൃതറിൽ നിന്നും ശല്യമുണ്ടായാൽ പരാതിക്കാരിക്ക് ബാലാവകാശ കമ്മീഷനെ സമീപിക്കാമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വണ്ടിപ്പെരിയാർ മൌണ്ടിൽ കാന്തരൂപി സമർപ്പിച്ച പരാതിയിലാണ് നടപടി.
എസ്റ്റേറ്റ് പ്രതിസന്ധിയിലായിരുന്ന കാലത്ത് പരാതിക്കാരിയുടെ ഭർത്താവ് എസ്റ്റേറ്റിൽ നിന്നും വിലയ്ക്ക് വാങ്ങിയ 5 സെന്റ് പുരയിടവും വീടും മുമ്പ് ആർ.ബി.റ്റി എസ്റ്റേറ്റിലെ സൂപ്പർവൈസറും ബഥേൽ എസ്റ്റേറ്റിലെ ഫീൽഡ് ഓഫീസറുമായ വി. രാജൻ എന്നയാൾ, എസ്റ്റേറ്റിന് വിട്ടു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി.
പീരുമേട് ഡി.വൈ.എസ്.പി യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വണ്ടിപ്പെരിയാർ പോലീസ് പരാതി വിഷയത്തിൽ ക്രൈം 70/23 നമ്പറായി കേസെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരിയുടെ മൗലികാവകാശമായ ജീവിക്കാനുള്ള അവകാശത്തിൽ ലംഘനം നടന്നതായി കമ്മീഷൻ കണ്ടെത്തി. അതേ സമയം കോടതിയിൽ നിലനിൽക്കുന്ന സിവിൽ തർക്ക വിഷയങ്ങളിൽ കമ്മീഷൻ ഇടപെടുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.