കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തെ പ്രശംസിച്ച് അൽഫോൺസ് പുത്രൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് പിൻവലിച്ചു. ചിത്രം ഓസ്‌കാർ അർഹിക്കുന്നുവെന്നും മഞ്ഞുമ്മൽ ബോയ്സിന് ഓസ്‌കാർ ലഭിച്ചില്ലെങ്കിൽ ഇനി മുതൽ ആ പുരസ്കാരത്തിൽ വിശ്വസിക്കില്ലെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അൽഫോൺസ് പറഞ്ഞത്. നിരവധി പേർ അൽഫോൺസിന്റെ അഭിപ്രായത്തെ അനുകൂലിച്ചും ട്രോളിയും രംഗത്തെത്തി. എന്നാൽ പങ്കുവെച്ച് കുറച്ചു നേരത്തിന് ശേഷം അൽഫോൺസ് പുത്രൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
‘മഞ്ഞുമ്മൽ ബോയ്സ് ഓസ്‌കാർ അർഹിക്കുന്നു. ഗംഭീര സർവൈവൽ ത്രില്ലറാണ് ചിത്രം. പൂർണമായും ഏറ്റവും മികച്ച രീതിയിൽ നിർമിക്കപ്പെട്ട സിനിമ.
മഞ്ഞുമ്മൽ ബോയ്സിന് ഓസ്‌കാർ ലഭിച്ചില്ലെങ്കിൽ, ഓസ്‌കാർ പുരസ്കാരത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും. മലയാള സിനിമയെ ഉന്നതമാക്കിയതിന് ചിദംബരത്തിനും സംഘത്തിനും നന്ദി.
ഞാനിന്നാണ് സിനിമ കണ്ടത്. വൈകിയതിൽ ക്ഷമിക്കണം. യഥാർത്ഥ സംഭവത്തിൽ അകപ്പെട്ടവർ നേരിടേണ്ടി വന്ന വേദന ഇനി മറ്റൊരാൾക്ക് വരാതിരിക്കട്ടെ’ എന്നാണ് അൽഫോൺസ് ഫെയ്സ്‌ബുക്കിൽ കുറിച്ചത്.