Timely news thodupuzha

logo

ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം അമരാവതി മാത്രമായിരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു

അമരാവതി: ആന്ധ്രപ്രദേശിന് മൂന്നു തലസ്ഥാനങ്ങളെന്ന മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ ആശയം തള്ളി നിയുക്ത മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. ആന്ധ്രയുടെ തലസ്ഥാനം അമരാവതി മാത്രമായിരിക്കുമെന്നു നായിഡു പ്രഖ്യാപിച്ചു.

ടി.ഡി.പി, ജനസേന, ബി.ജെ.പി എം.പിമാരുടെ യോഗത്തിൽ സഖ്യത്തിൻറെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നന്ദി പ്രസംഗത്തിലാണു നായിഡു നിലപാട് അറിയിച്ചത്.

തെലങ്കാന വേർപെടുത്തിയ ശേഷം 2014ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രയുടെ മുഖ്യമന്ത്രിയായപ്പോൾ നായിഡുവാണ് അമരാവതിയെ തലസ്ഥാനമാക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയത്.

എന്നാൽ, 2019ൽ അധികാരത്തിലെത്തിയ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡി ഇതു തള്ളി. വിശാഖപട്ടണം ഭരണനിർവഹണത്തിൻറെയും അമരാവതി നിയമസഭയുടെയും കുർണൂൽ ജുഡീഷ്യറിയുടെയും തലസ്ഥാനമായിരിക്കുമെന്നാണ് ജഗൻമോഹൻ പ്രഖ്യാപിച്ചത്. ഈ തീരുമാനമാണ് നായിഡു തള്ളിയത്.

175 അംഗ നിയമസഭയിൽ 164 സീറ്റുകളോടെയാണ് നായിഡു നേതൃത്വം നൽകുന്ന എൻ.ഡി.എ അധികാരത്തിലെത്തിയത്. ബുധനാഴ്ച രാവിലെ 11.27ന് പുതിയ മന്ത്രിസഭ അധികാരമേൽക്കും.

നായിഡുവിനൊപ്പം ജനസേനാ നേതാവ് പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണു റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡയുമുൾപ്പെടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കും.

Leave a Comment

Your email address will not be published. Required fields are marked *