തിരുവനന്തപുരം: വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്‍റുമാരായ ഷാജഹാൻ, വിജയ്രാജ്, ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസും കേസെടുത്തു.
മരിച്ചവരുടെ അക്കൗണ്ടുകളിൽ നിന്നുൾപ്പെടെ പണം തട്ടിയെടുത്തതായി ധനംവകുപ്പിലെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പെൻഷൻകാരിയായ ശ്രീകാര്യം ചെറുവക്കൽ സ്വദേശി എം മോഹനകുമാരിയുടെ അക്കൗണ്ടിൽനിന്നു മാത്രം രണ്ടര ലക്ഷം രൂപയാണ് നഷ്ടമായത്.
തുടർന്ന് ഇവർ കഴക്കൂട്ടം സബ് ട്രഷറി ഓഫീസർക്കും പൊലീസിലും പരാതി നൽകിയിരുന്നു. ഈ മാസം 3, 4 തീയതികളിലായാണ് പണം പിൻവലിച്ചിരിക്കുന്നത്.
മൂന്നാം തീയതി രണ്ടു ലക്ഷം രൂപയും, പിറ്റേന്ന് അമ്പതിനായിരം രൂപയുമാണ് പിൻവലിച്ചിരിക്കുന്നത്. വ്യാജ ചെക്ക് ഉപയോഗിച്ചാണ് പണം തട്ടിയെടുത്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം കഴിഞ്ഞമാസം പുതിയ ചെക്ക് ബുക്ക് നൽകിയെന്നാണ് ട്രഷറി അധികൃതരുടെ അവകാശവാദം.
എന്നാൽ ചെക്ക് ബുക്കിനു താൻ അപേക്ഷ നൽകിയിരുന്നില്ലെന്നും പുതിയ ചെക്കിലെ ഒപ്പ് വ്യാജമാണെന്നും മോഹനകുമാരി പറയുന്നു. ട്രഷറിയിൽ പണം പിൻവലിക്കാനായി എത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം മനസിലായതെന്നും മോഹനകുമാരി പറഞ്ഞു.