
കോഴിക്കോട്: സംസ്ഥാന സർക്കാർ ലോക കേരളസഭ നിർത്തിവെച്ച് അതിന്‍റെ തുക കുവൈറ്റിലെ അപകടത്തിൽ മരിച്ചവർക്കും പരുക്കേറ്റവർക്കുമുള്ള ധനസഹായമായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ലോക കേരള സഭയുടെ പേരിൽ പ്രവാസികൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി നിരന്തരം ഗർഫ് സന്ദർശിക്കുന്ന ആളാണ്.

എന്നാൽ, ഇതുവരെ ഒരു ലേബർ ക്യാമ്പിൽ പോലും അദ്ദേഹം പോവുകയോ അവരുടെ ദുരിതം മനസിലാക്കുകയോ ചെയ്തിട്ടില്ല. പ്രവാസികളുടെ ദുരിതത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുക പോലും ചെയ്തിട്ടില്ല.
കൊവിഡ് കാലത്ത് തിരികെയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനോ അവർക്ക് വായ്പ കൊടുക്കാനോ പോലും സർക്കാർ തയാറായിട്ടില്ല.
ഏത് പ്രവാസിക്കാണ് ലോകകേരളസഭകൊണ്ട് ഗുണം കിട്ടിയത്. എന്തിനാണ് കോടികൾ ചെലവഴിച്ച് ആളുകളെ കബളിപ്പിക്കുന്നതെന്നും സുരേന്ദ്രൻ ആരാഞ്ഞു.