Timely news thodupuzha

logo

പേവിഷബാധ പ്രതിരോധം: സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇടുക്കി: ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പേവിഷബാധ പ്രതിരോധം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നായ്ക്കളുടെ കടി, പോറല്‍, മാന്തല്‍, ഉമിനീരുമായി സമ്പര്‍ക്കം എന്നിവയുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികൾ വിഷയമായി.

നായകളില്‍ നിന്നോ പേവിഷബാധ പടര്‍ത്തുവാന്‍ സാധ്യതയുള്ള മറ്റു മൃഗങ്ങളില്‍ നിന്നോ രോഗം മനുഷ്യരിലേക്ക് പകരാം. പേവിഷബാധ അതീവ മാരകമായ രോഗമായതിനാല്‍ രോഗപ്രതിരോധത്തെക്കുറിച്ചും കടിയേറ്റാല്‍ ഉടന്‍ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചും ,റാബിസ് വാക്‌സിനേഷനെക്കുറിച്ചുമുള്ള അറിവ് വളരെ പ്രധാനപ്പെട്ടതാണ്.

കടിയേറ്റാല്‍ ഉടന്‍ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷകൾ –

സോപ്പ് ഉപയോഗിച്ച് കടിയേറ്റ ഭാഗം 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തില്‍ നന്നായി കഴുകുക.

പൈപ്പില്‍ നിന്ന് വെള്ളം തുറന്ന് വിട്ട് കഴുകുന്നതാണ് ഉത്തമം.

കടിയേറ്റ ഭാഗത്ത് ഉപ്പ് ,മഞ്ഞള്‍, മുളകുപൊടി പോലെയുള്ള മറ്റുപദാര്‍ത്ഥങ്ങള്‍ ഒരു കാരണവശാലും പുരട്ടരുത്.

കഴുകി വൃത്തിയാക്കിയ ശേഷം ബീറ്റാഡിന്‍ ,അയഡിന്‍ സൊല്യൂഷന്‍ എന്നിങ്ങനെയുള്ള ഏതെങ്കിലും അണുനാശിനികള്‍ ലഭ്യമാണെങ്കില്‍ അത് ഉപയോഗിച്ച് മുറിവ് വൃത്തിയാക്കാം.

മുറിവ് അമര്‍ത്തി കഴുകുകയോ മുറിവ് കെട്ടി വയ്ക്കുകയോ ചെയ്യരുത്.

മുറിവ് കഴുകി വൃത്തിയാക്കിയതിനു ശേഷം ആശുപത്രിയില്‍ പോയി പ്രതിരോധകുത്തിവയ്പുകള്‍ എടുക്കേണ്ടതാണ്.

പേവിഷബാധയ്‌ക്കെതിരെ. തൊലിപ്പുറത്ത് ഐ ഡി ആര്‍ വി കുത്തിവെപ്പ് ആണ് നല്‍കുന്നത്. 0 ,3 ,7 ,28 ദിവസങ്ങളിലാണ് ഐ.ഡി.ആര്‍.വി എടുക്കേണ്ടത്. എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഐ.ഡി.ആര്‍.വി സൗജന്യമായി ലഭ്യമാണ്.

മുറിവിന്റെ സ്വഭാവം അനുസരിച്ച് ഇമ്മ്യൂണോ ഗ്ലോബലിന്‍ കുത്തിവെപ്പ് നല്‍കേണ്ടതുണ്ട്. രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്തെ നക്കല്‍, ചുണ്ടിലോ, വായിലോ നക്കല്‍ വന്യമൃഗങ്ങളുടെ കടി ഇവയ്ക്ക് ഐ.ഡി.ആര്‍.വി പ്രതിരോധ കുത്തിവെപ്പ് കൂടാതെ ആന്റി റാബിസ് ഇമ്മ്യൂണോ ഗ്ലോബലിനും കൂടി എടുക്കണം. കടിയേറ്റ് എത്രയും വേഗം ഇമ്മ്യൂണോ ഗ്ലോബലില്‍ എടുക്കണം ഇമ്മ്യൂണോ ഗ്ലോബലിന്‍ ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.

ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ദിവസങ്ങളില്‍ തന്നെ പ്രതിരോധ കുത്തി വെയ്പ്പുകൾ നിര്‍ബന്ധമായും എടുക്കണം. ആദ്യ മൂന്ന് ഡോസുകള്‍ സമ്പര്‍ക്കം ഉണ്ടായി 10 ദിവസത്തിനുള്ളില്‍ തന്നെ എടുത്താല്‍ മാത്രമേ പൂര്‍ണ്ണപ്രതിരോധശേഷി ലഭിക്കൂ.

പൂര്‍ണ്ണമായ വാക്‌സിന്‍ ഷെഡ്യൂള്‍ എടുത്ത ആൾക്ക് വാക്‌സിൻ ഷെഡ്യൂള്‍ പൂര്‍ത്തിയായി മൂന്നു മാസത്തിനുള്ളിലാണ് സമ്പര്‍ക്കം ഉണ്ടാവുന്നതെങ്കില്‍ വാക്‌സിന്‍ വീണ്ടും എടുക്കേണ്ടതില്ല മൂന്ന് മാസം കഴിഞ്ഞാണ് എങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം വാക്‌സിന്‍ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് പിന്നീട് ഇമ്മ്യൂണോ ഗ്ലോബലിന്‍ എടുക്കേണ്ട ആവശ്യമില്ല.

വീടുകളില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. തെരുവ് നായ്ക്കളില്‍ നിന്നും മാത്രമല്ല വളര്‍ത്ത് മൃഗങ്ങളില്‍ നിന്നും പേവിഷബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട് .ഒരു മാസം പ്രായമായ നായ കുട്ടികളില്‍ നിന്നും വരെ പേവിഷബാധ ഉണ്ടാകാം.

നൂറ് ശതമാനം മരണം സംഭവിക്കാവുന്ന രോഗമാണ് റാബീസ്. എന്നാല്‍ ശരിയായ പ്രതിരോധ നടപടികളിലൂടെ ഏകദേശം എല്ലാ മരണങ്ങളും നമുക്ക് തടയാന്‍ കഴിയും.

Leave a Comment

Your email address will not be published. Required fields are marked *