ഇടുക്കി: വഴിയോരം നീളെ വൈദ്യുതി തൂണുകൾ കൂട്ടിയിട്ട് കെ.എസ്.ഇ.ബി. വഴി നടക്കാനും വാഹനം ഓടിക്കാനും ബുദ്ധിമുട്ടി നാട്ടുകാരും ഡ്രൈവർമാരും. വഴിയോരം വൃത്തിയാക്കാൻ കഴിയാതെ പഞ്ചായത്തുകളും ബുദ്ധിമുട്ടുന്നു.
ആറ് മാസം മുമ്പ് ഞറുക്കുറ്റിയിൽ കൂട്ടിയിട്ടിരുന്ന വൈദ്യുതി തൂണുകൾക്ക് മുകളിൽ കയറിയിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കാലിലേയ്ക്ക് തൂൺ തെന്നി വീണ് ഇയാൾക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു.
കോടിക്കുളം കരിമണ്ണൂർ ഉടുമ്പന്നൂർ പഞ്ചായത്തുകളുടെയും നഗര സഭയുടെ ചില പ്രദേശങ്ങളിലെ പൊതുമരാമത്തു റോഡരികിലാണ് വ്യാപകമായി വൈദ്യുതി തൂണുകൾ കൂട്ടിയിട്ടിരിക്കുന്നത്.
മിക്ക യിടങ്ങളിലും ഇത് കാട് കയറി മൂടി കിടക്കുകയാണ്. ഇത് വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
എതിരെ വരുന്ന വാഹനങ്ങൾക്ക് അരിക് നൽകാൻ സാധിക്കാത്ത അവസ്ഥയാണ്.
കാട് കയറി മൂടിയ തൂണുകൾ കൂട്ടിയിട്ടിരിക്കുന്ന ഭാഗം വൃത്തിയാക്കാൻ കഴിയാത്തത് മൂലം ഇഴ ജന്തുക്കളുടെ ശല്യത്തിനും ഇടയാക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് റോഡരികിൽ അനധികൃതമായി തൂണുകൾ കൂട്ടിയിട്ട് സൃഷ്ടിക്കുന്ന തടസ്സം നീക്കാൻ പി.ഡബ്ല്യൂ.ഡിയും തയാറകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.