ഇടുക്കി: മകളെ പീഡിപ്പിച്ച നെടുംകണ്ടം സ്വദേശിയായ പോക്സോ കേസ് പ്രതിയെ പിടികൂടി. വെളുപ്പിന് 2.00 മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നും നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. നേരത്തെ രണ്ട് തവണ പൊലിസിന്റെ മുൻപിൽ പെട്ടെങ്കിലും, അതി വേഗത്തിൽ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. നെടുങ്കണ്ടം എസ് എച്ച് ഒ, സംഭവ ദിവസം സ്റ്റേഷൻ ചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ എന്നിവർ ഗുരുതരമായ കൃത്യവിലാപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി എസ്പി വി യു കുര്യാക്കോസ് പറഞ്ഞു.
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്. പ്രതിക്കൊപ്പം പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ കെ ബി എന്നിവരെ ഇന്നലെ സസ്പെൻറ് ചെയ്തിരുന്നു. രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുമ്പോൾ അഞ്ച് പൊലീസുകാരെങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാൽ രണ്ട് പേർ മാത്രമാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നത്.