ഇടുക്കി: ജില്ലയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവേള കൂടിയായ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി സന്ദേശം നൽകി. ഇടുക്കിയിലെ ജനങ്ങളുടെ അടിസ്ഥാനസൗകര്യവികസനവും, കാർഷികമേഖലയുടെ പുരോഗതിയും ലക്ഷ്യമാക്കി സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ ഫലം കണ്ടതായി മന്ത്രി പറഞ്ഞു. ജില്ലയിലെ ജനങ്ങളുടെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
22 പ്ലറ്റൂണുകളിലായി പോലീസ്, വനംവകുപ്പ്, എക്‌സൈസ്, ഫയർഫോഴ്‌സ്, എൻ സി സി, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് തുടങ്ങി 800 ഓളം പേരാണ് റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്നത്. കട്ടപ്പന ഗവ. കോളേജ്, മുരിക്കാശ്ശേരി പാവനാത്മ കോളേജ്, പൈനാവ് കേന്ദ്രീയ വിദ്യാലയം, കുളമാവ് നവോദയ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാർഥികൾ പരേഡിൽ പങ്കെടുത്തു.