Timely news thodupuzha

logo

കുവൈറ്റ് ദുരന്തത്തിന്റെ സാഹചര്യത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി

തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനം ഇന്നും നാളെയും നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. ഇന്നു രാവിലെ 10ന് നടക്കാനിരുന്ന ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി.

വൈകുന്നേരം മൂന്ന് മണിക്ക് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുക. കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ 10.30 ഓടെ കൊച്ചി വിമാനത്തിവളത്തിൽ എത്തുമ്പോൾ അന്ത്യാജ്ഞലി അർപ്പിക്കേണ്ടതുള്ളതിനാലാണ് ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റിയത്.

കുവൈറ്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയാകും സമ്മേളനം ആരംഭിക്കുക. 103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി കേരളീയ പ്രതിനിധികൾ ലോക കേരള സഭയിൽ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിൽ ലോക കേരള സഭയുടെ സമീപന രേഖ മുഖ്യമന്ത്രി സമർപ്പിക്കും. സ്പീക്കർ എ.എൻ ഷംസീറും ചടങ്ങിൽ പങ്കെടുക്കും. കേരള മൈഗ്രേഷൻ സർവെ റിപ്പോർട്ട് ചടങ്ങിൽ മുഖ്യമന്ത്രിക്കു കൈമാറും.

ലോക കേരള സഭയിൽ വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും.

പുതുക്കിയ സമയക്രമം അനുസരിച്ച് രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ഏഴ് മേഖലകളെ അടിസ്ഥാനമാക്കിയുള്ള മേഖലാ ചർച്ചകളും പ്രവാസികളുമായി ബന്ധപ്പെട്ട 8 വിഷയങ്ങളുമാകും ഇത്തവണത്തെ ലോക കേരള സഭ ചർച്ച ചെയ്യുക.

പ്രവാസി കേരളീയ പ്രതിനിധികൾക്കു പുറമേ 200ലധികം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നു. പാർലമെൻറ്, നിയമസഭാംഗങ്ങളും നാലാം ലോക കേരളസഭയുടെ ഭാഗമാണ്.

എമിഗ്രേഷൻ കരട് ബിൽ 2021, വിദേശ റിക്രൂട്ട്മെൻറ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങൾ, കുടിയേറ്റത്തിലെ ദുർബല കണ്ണികളും സുരക്ഷയും, നവ തൊഴിലവസരങ്ങളും നൈപുണ്യവികസനവും പ്രവാസത്തിൻറെ പശ്ചാത്തലത്തിൽ, കേരള വികസനം – നവ മാതൃകകൾ, വിദേശരാജ്യങ്ങളിലെ മാറുന്ന തൊഴിൽ കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ് ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നിവയാണ് നാലാം ലോക കേരള സഭയുടെ ചർച്ചാ വിഷയങ്ങൾ.

ഗൾഫ്, ഏഷ്യ പസഫിക്, യൂറോപ്പ് ആൻഡ് യുകെ, അമെരിക്ക, ആഫ്രിക്ക, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ, തിരികെയെത്തിയ പ്രവാസികൾ എന്നിവയാണ് മേഖലാ വിഷയങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *