ചെറുതോണി: തപാലുരുപ്പടികൾ ഉപഭോക്താക്കൾക്ക് വൈകി ലഭിക്കുന്നതോടൊപ്പം കൃത്യമായി കിട്ടുന്നില്ലന്നും കാണിച്ച് സിറ്റിസൺ ഫോറം ജനറൽ സെക്രട്ടറി പി എൽ നിസാമുദ്ദീൻ ചീഫ് പോസ്റ്റ്മാസ്റ്റർക്ക് പരാതി നൽകി.
രജിസ്ട്രേഡ് ഉരുപ്പടികൾ ഒഴികെ സാധാരണ തപാലിൽ അയക്കുന്ന ഇല്ലൻ്റ്, പോസ്റ്റ് കാർഡ്, ബുക്ക് പോസ്റ്റ് ,പ്രസിദ്ധീകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിലാണ് വീഴ്ച വരുത്തുന്നതായി പരാതിയിൽ പറയുന്നത്.
കത്തുകളും മറ്റ് രേഖകളും എല്ലാം മേൽവിലാസക്കാരന് കൃത്യമായി നേരിൽ കൈമാറണമെന്ന തപാൽ നിയമം അധികൃതർ ലംഘിക്കുകയാണന്ന് പല സ്ഥിരം ഉപഭോക്താക്കളും പരാതിപ്പെടുന്നു.
തൂലികാ സൗഹൃദം തേടി തപാൽ കാർഡിലൂടെയും, കവറിലൂടെയും, ഇല്ലൻ്റ് വഴിയും നിരന്തരം കത്തിടപാടുകൾ നടന്നിരുന്ന കാലത്തു പോലും ഇത്തരം ആക്ഷേപമുയർന്ന് കേട്ടിട്ടില്ല. വാർഷിക, മാസ വരി ചേർന്ന് പ്രസിദ്ധീകരണങ്ങൾ വരുത്തുന്നവർക്ക് പലപ്പോഴും പ്രസിദ്ധീകരണങ്ങൾ ലഭിക്കാറില്ല.
സോഷ്യൽ മീഡിയയുടെ വരവോടെ കത്ത് ഇടപാടുകളിൽ കുത്തനെ ഇടിവു വന്നിട്ടുണ്ടെങ്കിലും കത്തെഴുത്ത് ശീലമാക്കിയവർ ഇപ്പോഴുമുണ്ട്. ആകാശവാണിയിലേക്കും, ദൂരദർശനിലേക്കും കത്തെഴുതുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്.
മുമ്പ് യാത്രാ ദുരിതമുള്ള കാലത്ത് ഒരു പ്രദേശത്തേക്കുള്ള ഉപഭോക്താക്കൾക്കുള്ള കത്തുകൾ മൊത്തമായി ഏതെങ്കിലും കടകളുടെയോ മറ്റ് പൊതു സ്ഥാപനങ്ങളുടെയോ മുമ്പിൽ സ്ഥാപിച്ചിരുന്ന ബോക്സുകളിൽ പോസ്റ്റൽ അധികൃതർ ഇടുകയും ഉപഭോക്താക്കൾ അവിടെ എത്തി കത്തുകൾ എടുക്കുകയുമായിരുന്നു പതിവ്.
എന്നാൽ ഇന്ന് എല്ലാ വീടുകളിലും എത്തിച്ചേരാൻ വാഹനങ്ങൾ ഉള്ള സാഹചര്യത്തിൽ തപാലുരുപ്പടികൾ വൈകിപ്പിക്കാതെയും കൃത്യമായും വിതരണം ചെയ്യാൻ അധികൃതർ തയ്യാറാകേണ്ടതുണ്ട്.